
താനെ: മഹാരാഷ്ട്രയിലെ ഡോംബിവാലിയിൽ 15കാരിയെ രണ്ട് മാസം വീട്ടിൽ പൂട്ടിയിട്ട് തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയതായി പൊലീസ്. തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളടക്കം കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
പ്രദേശവാസികളിൽ ചിലർ ഇക്കാര്യം അറിഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. ഇതിനെത്തുടർന്ന് ഇവർ ഇത് പൊലീസിൽ അറിയിക്കുകയും തിലക് നഗർ പൊലീസ് പെൺകുട്ടിയെ പാർപ്പിച്ചിരുന്ന വീട് റെയ്ഡ് ചെയ്താണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ അമ്മ ഭക്ഷണം വിൽപന നടത്തിയാണ് കുടുംബം പുലർത്തുന്നത്. സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്നയാളാണ് കേസിലെ പ്രധാന പ്രതി. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുമാണ് ഇയാൾ. പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് പെൺകുട്ടി ഇറങ്ങിപ്പോയിരുന്നു. തുടർന്ന് പെൺകുട്ടിയെ പ്രധാന പ്രതി കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പിന്നീട് ഇയാൾ 15കാരിയെ രണ്ട് മാസത്തേക്ക് വീട്ടുതടങ്കലിൽ വയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിനായി മറ്റൊരാളുടെ അടുത്തേക്ക് കൊണ്ടുപോയി. ഇതെത്തുടർന്ന് പെൺകുട്ടിയെ ഒരു ദമ്പതികളുടെ വീട്ടിൽ താമസിപ്പിക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ, കാണാതായ പെൺകുട്ടിയെ വീട്ടുകാർ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഈ സമയത്തും, പെൺകുട്ടിയെ നഗരത്തിൽ വച്ച് കണ്ടുവെന്ന് പ്രതി കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായി രണ്ട് മാസത്തിന് ശേഷമാണ് ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചത്. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]