
ദില്ലി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പൻ ജയം. 279 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്ത 168 റൺസ് നേടിയപ്പോഴേയ്ക്ക് എല്ലാവരും പുറത്തായി. 37 റൺസ് നേടിയ മനീഷ് പാണ്ഡെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍.
ഓപ്പണര്‍മാരായ സുനിൽ നരെയ്ൻ – ക്വിന്റൺ ഡി കോക്ക് സഖ്യം 3.3 ഓവറിൽ 37 റൺസ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 17 പന്തിൽ 31 റൺസ് നേടിയ നരെയ്നെ ജയദേവ് ഉനദ്കട്ട് ക്ലീൻ ബൗൾഡാക്കി. മൂന്നാമനായി ക്രീസിലെത്തിയ നായകൻ അജിങ്ക്യ രഹാനെയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 15 റൺസ് നേടിയ രഹാനെയെയും ഉനദ്കട്ട് മടക്കിയയച്ചു. 9 റൺസുമായി ഡി കോക്കും പുറത്തായതോടെ പിന്നീട് വന്നവരെല്ലാം നിലയുറപ്പിക്കാനാകാതെ മടങ്ങുന്ന കാഴ്ചയാണ് കാണാനായത്. വമ്പൻ ഹിറ്റര്‍മാരായ റിങ്കു സിംഗും ആന്ദ്രെ റസലും വീണ്ടും നനഞ്ഞ പടക്കങ്ങളായി. റിങ്കുവിനെയും റസലിനെയും അടുത്തടുത്ത പന്തുകളിൽ ഹര്‍ഷ് ദുബെ മടക്കിയയച്ചത്. ഒരു സിക്സര്‍ നേടിയതിന് പിന്നാലെ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച റിങ്കുവിനെ ബൗണ്ടറി ലൈനിന് അരികിൽ വെച്ച് നിതീഷ് കുമാര്‍ റെഡ്ഡി പിടികൂടുകയായിരുന്നു. പിന്നാലെയെത്തിയ റസലിനെ ആദ്യ പന്തിൽ തന്നെ ഹര്‍ഷ് ദുബെ വിക്കറ്റിന് മുന്നിൽ കുരുക്കി.
ഇംപാക്ട് പ്ലെയറായി എത്തിയ അംഗ്കൃഷ് രഘുവൻഷി യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെ 18 പന്തിൽ 14 റൺസുമായി മടങ്ങി. ഇതോടെ ക്രീസിലെത്തിയ രമൺദീപ് സിംഗ് ഹര്‍ഷ് ദുബെയെ തുടര്‍ച്ചയായ രണ്ട് പന്തുകളിൽ അതിര്‍ത്തി കടത്തിയെങ്കിലും മൂന്നാം പന്തിൽ കുറ്റി പിഴുത് ഹര്‍ഷ് മധുര പ്രതികാരം ചെയ്തു. അവസാന 6 ഓവറിലേയ്ക്ക് മത്സരം എത്തിയപ്പോൾ കൊൽക്കത്ത 7ന് 111 റൺസ് എന്ന നിലയിലായിരുന്നു. 15-ാം ഓവറിൽ അഭിഷേക് ശര്‍മ്മയ്ക്ക് എതിരെ ഒരു ബൗണ്ടറിയും രണ്ട് സിക്സറുകളും നേടി ഹര്‍ഷിത് റാണ സ്കോര്‍ ഉയര്‍ത്തി. തൊട്ടടുത്ത ഓവറിൽ ഇഷാൻ മലിംഗയ്ക്കെതിരെ മൂന്ന് സിക്സറുകളാണ് മനീഷ് പാണ്ഡെ പറത്തിയത്. ഇതോടെ 16 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ 150 കടന്നു. 8-ാം വിക്കറ്റിൽ മനീഷ് പാണ്ഡെ-നിതീഷ് റാണ സഖ്യം 21 പന്തിൽ 50 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
18-ാം ഓവറിൽ മനീഷ് പാണ്ഡെയെ മടക്കിയയച്ച് ഉനദ്കട്ട് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. 23 പന്തിൽ 37 റൺസുമായി മനീഷ് പാണ്ഡെ മടങ്ങുന്നതിന് മുമ്പ് തന്നെ കൊൽക്കത്ത അടിയറവ് പറഞ്ഞിരുന്നു. വൈഭവ് അറോറയെ ആദ്യ പന്തിൽ തന്നെ അപ്രതീക്ഷിതമായി ഉനദ്കട്ട് റണ്ണൗട്ടാക്കുകയും ചെയ്തതോടെ കൊൽക്കത്തയുടെ 9-ാം വിക്കറ്റും നഷ്ടമായി. അവസാനം ഹര്‍ഷിത് റാണയെ പുറത്താക്കി ഇഷാൻ മലിംഗ കൊൽക്കത്തയുടെ പരാജയം ഉറപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]