
കുരങ്ങുകളുടെ നഗരം എന്ന ഖ്യാതി ഉണ്ടായിരുന്ന തായ്ലൻഡിലെ ലോപ്ബുരി നഗരത്തിലേക്ക് ഒരു കാലത്ത് കുരങ്ങുകളെ കാണാനും അവരെ ഊട്ടാനുമായി നിരവധി വിദേശീയര്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് കുരങ്ങളുടെ ശല്യം സഹിക്കവയ്യാതെ നഗരത്തിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്ടുകള്‍. കാട്ടുകുരങ്ങുകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തുകയും ഭക്ഷ്യവസ്തുക്കൾ കൊള്ളയടിക്കുകയും ഒപ്പം ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് കുരങ്ങുകളെ പേടിച്ച് പ്രദേശവാസികൾ നഗരം വിടാൻ തുടങ്ങിയത്. ഇതോടെ കുരങ്ങുകളെ പിടികൂടാനും അവയുടെ എണ്ണം നിയന്ത്രിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതർ.
കഴിഞ്ഞ കുറച്ചു നാളുകളായി സെൻട്രൽ തായ്ലൻഡിലെ ലോപ്ബുരിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് കൂട്ടമായും ഒറ്റയ്ക്കുമുള്ള കുരങ്ങുകളുടെ ആക്രമണങ്ങളുടെ നിരവധി കേസുകളാണ്. പ്രദേശത്തെ താമസക്കാരായ നിരവധി പേർക്ക് ഇതിനോടകം കുരങ്ങുകളുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുരങ്ങുകളെ കെണിവെച്ച് പിടികൂടി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നഗരത്തിൽ ഏകദേശം 2,500 ഓളം കുരങ്ങുകൾ ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇവയിൽ 30 എണ്ണത്തെ മാത്രമാണ് ഇതുവരെ പിടികൂടാൻ പറ്റിയിട്ടൊള്ളൂവെന്നും സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഒരു കുരങ്ങ് കൂട്ടില്‍ അകപ്പെട്ടാല്‍ അത് ശബ്ദമുണ്ടാക്കി മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. ഇത് മൂലം മറ്റു കുരങ്ങുകള്‍ ഇത്തരം കൂടുകളിലേക്ക് കയറാന്‍ മടിക്കുന്നു. കാരണം അതിനകം അവരുടെ സുഹൃത്തുക്കള്‍ക്ക് അപകടം സംഭവിച്ചതായി അവ മനസിലാക്കിയിട്ടുണ്ട്.’ തായ്ലൻഡിലെ നാഷണൽ പാർക്ക്, വൈൽഡ് ലൈഫ് ആൻഡ് പ്ലാന്റെ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ പട്ടാരപോൾ മാനിയോർൻ സ്കൈ ന്യൂസിനോട് പറഞ്ഞു. അതേ സമയം കുരങ്ങുകളെ പിടികൂടാനുള്ള ശ്രമം ഇനിയും തുടരുമെന്നും നഗരത്തെ ജനജീവിതം സാധ്യമാക്കുന്ന രീതിയിൽ വീണ്ടെടുക്കുമെന്നുമാണ് അധികൃതർ അവകാശപ്പെടുന്നത്.
‘കുരങ്ങുകളുടെ നഗരം’ എന്ന പേരിൽ അറിയപ്പെടുന്ന ലോപ്ബുരിയിലെ ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് ഏതാനും കുരങ്ങുകളെ മാത്രം പിടികൂടാതെ ഇവിടെ അവശേഷിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേര്‍ക്കുന്നു. കുരങ്ങുകളെ പേടിച്ച് നഗരത്തിൽ അവശേഷിക്കുന്ന ജനങ്ങൾ വീടുകൾക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. കൂടാതെ ഇവിടെ കടകളും മറ്റും തുറക്കാന്‍ പോലും സാധിക്കുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. പിടികൂടുന്ന കുരങ്ങുകളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നഗരത്തിന് പുറത്ത് പ്രത്യേകമായി സംരക്ഷിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇവയെ സ്വതന്ത്രമായി വിടാൻ സാധിക്കുന്ന ഒരിടം കണ്ടെത്തുന്നതുവരെ കൂടുകളിൽ പാർപ്പിക്കാനാണ് അധിതരുടെ തീരുമാനം. കൊവിഡിന് പിന്നാലെ നഗരം അടച്ചിട്ടപ്പോള്‍ ഭക്ഷണം ലഭിക്കാതായ കുരങ്ങുകള്‍ തദ്ദേശീയരുടെ കൃഷി ഇടത്തിലേക്കും വീടുകളിലേക്കും ഇറങ്ങിയതിന് പിന്നാലെയാണ് ലോപ്ബുരി നഗരത്തില്‍ മനുഷ്യനും കുരങ്ങുകളും തമ്മില്‍ സംഘർഷം ആരംഭിച്ചത്.
Last Updated May 26, 2024, 1:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]