വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമിച്ച് കൊന്ന രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനം മന്ത്രി എ കെ ശശീന്ദ്രനെ വഴിയിൽ തടഞ്ഞ് നാട്ടുകാർ. വലിയ രീതിയിലുളള പ്രതിഷേധമാണ് നടക്കുന്നത്. രാധയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെ മന്ത്രിയുടെ വാഹനവ്യൂഹം എത്തിയിട്ടുണ്ട്. പൈലറ്റ് വാഹനത്തിന്റെ മുൻപിൽ കിടന്ന് കരിങ്കൊടിയുമായാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ഇവരെ റോഡിൽ നിന്ന് നീക്കം ചെയ്യാനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
അതേസമയം, പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് ഉത്തരവ്. നരഭോജിയാതിനാൽ കടുവയെ വെടിവച്ച് കൊല്ലാൻ കഴിയും. സംസ്ഥാനത്ത് ആദ്യമായാണ് കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്നത്. തുടർച്ചയായ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിയമോപദേശം തേടിയാണ് ഈ തീരുമാനമെടുത്തതെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിക്കാനുളള തീരുമാനമാണ് ഇപ്പോൾ എടുത്തത്. കൂട് വച്ച് പിടിക്കുക, മയക്കുവെടി വയ്ക്കുക തുടങ്ങിയ നടപടി ക്രമങ്ങളിൽ പോകാതെ അനുയോജ്യമായ സാഹചര്യത്തിൽ വെടിവച്ച് കൊല്ലാനുളള ഉത്തരവാണ് ഉന്നതസമിതി എടുത്തിരിക്കുന്നത്. വനത്തിനകത്തെ അടിക്കാടുകൾ വനം വകുപ്പ് നീക്കം ചെയ്യണം. തോട്ടങ്ങളുമായി ബന്ധപ്പെട്ട അടിക്കാടുകൾ തോട്ടം ഉടമകൾ നീക്കം ചെയ്യണം. ഇങ്ങനെയുളള പ്രദേശങ്ങളിൽ ക്യാമറകളുടെ അഭാവമുണ്ട്. ഈ പ്രശ്നം ഫെബ്രുവരി ഒന്നിനകം പരിഹരിക്കപ്പെടും. ആറ് പഞ്ചായത്തുകളിൽ ഇത്തരത്തിലുളള അപകടം ഉണ്ടാകാൻ സാദ്ധ്യതയുളളതിനാൽ പെട്രോളിംഗ് ശക്തമാക്കും’- മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]