ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പരേഡ് ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരാണ്.
കർത്തവ്യപഥിലെ ആഘോഷപരിപാടിയിൽ പരേഡ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അവിടെ തയ്യാറാക്കിയിരുന്ന ഡിജിറ്റൽ സന്ദർശക ഡയറിയിൽ തന്റെ റിപ്പബ്ളിക് ദിന സന്ദേശം കുറിച്ചു.
റിപ്പബ്ളിക് ദിനാഘോഷത്തിനായി കർത്തവ്യപഥിലെത്തിയ രാഷ്ട്രപതി ത്രിവർണ പതാകയെ സല്യൂട്ട് ചെയ്തതിനുശേഷമാണ് പരേഡ് ആരംഭിച്ചത്. 300 കലാകാരന്മാർ അണിനിരന്ന സംഗീത സംഗമത്തോടുകൂടിയാണ് പരേഡിന് തുടക്കമായത്. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള സംഗമം സാംസ്കാരിക വകുപ്പാണ് തയ്യാറാക്കിയത്. ‘സ്വർണിം ഭാരത്: വിരാസത് ഓർ വികാസ്’ എന്ന പ്രമേയത്തിൽ 31 ടാബ്ളോകൾ ആണ് പരേഡിൽ പങ്കെടുക്കുക.
ചരിത്രത്തിൽ ആദ്യമായി 5000 കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും ഇത്തവണയുണ്ട്. 10,000ഓളം അതിഥികളാണ് ചടങ്ങ് വീക്ഷിക്കാനെത്തിയത്. 90 മിനിട്ട് നേരത്തേക്കാണ് പരേഡ് നടക്കുക. 152 അംഗങ്ങൾ ഉൾപ്പെടുന്ന ഇന്തോനേഷ്യൻ സേന, 190 അംഗങ്ങളുടെ ഇന്തോനേഷ്യൻ സൈനിക ബാൻഡ് എന്നിവരും ചടങ്ങിന്റെ ഭാഗമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി ഒരുക്കിയിട്ടുണ്ട്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങളാണ് ആകാശത്ത് വർണക്കാഴ്ച ഒരുക്കാൻ സജ്ജമാക്കിയിരിക്കുന്നത്. നാവികസേനയുടെയും വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡ് സംഘവും അണിനിരക്കും.