ന്യൂഡല്‍ഹി: യാത്രക്കാരെ കയറ്റാതിരിക്കുകയും നഷ്ടപരിഹാരം നല്കാന് വിസമ്മതിക്കുകയും ചെയ്ത വിമാനക്കമ്പനിക്ക് പിഴ ചുമത്തി. വിമാനത്തിനുള്ളിലെ സീറ്റുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ കയറ്റാതിരുന്നതിന് ആകാശ എയറിനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പത്ത് ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസം ആറാം തീയതിയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്.
ബാങ്കോക്കില്‍ നിന്ന് പൂനെയിലേക്ക് ടിക്കറ്റ് എടുത്ത ഏഴ് യാത്രക്കാരാണ് ആകാശ എയറിന് എതിരെ പരാതി നല്‍കിയത്. ആദ്യം ഒരു വിമാനത്തില്‍ എല്ലാ യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു. എന്നാല്‍ യന്ത്ര തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എമര്‍ജെന്‍സി ലാന്‍ഡിംഗ് നടത്തുകയും മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കയറ്റുകയും ചെയ്തു. എന്നാല്‍ ഇൗ വിമാനത്തില്‍ ഏഴ് സീറ്റുകള്‍ക്ക് തകരാറുണ്ടെന്ന് കാണിച്ച് ഏഴ് പേരെ തിരിച്ചിറക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്.
ഒരു മണിക്കൂറിന് ശേഷം ഈ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ പൂനെയില്‍ എത്തിച്ചെങ്കിലും യാത്രക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. യാത്രക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും അത് നല്കാന് കമ്പനി തയ്യാറാകാതിരുന്നതാണ് വലിയ പിഴ ക്ഷണിച്ചു വരുത്തിയത്. ഡി.ജി.സി.എയുടെ നോട്ടീസിന് ആകാശ എയര്‍ മറുപടി നല്‍കിയിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡി.ജി.സി.എയുടെ നോട്ടീസ് ഇന്നലെ ലഭിച്ചതായും നിര്‍ദേശം പാലിക്കുമെന്നും ആകാശ എയര്‍ വക്താവ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ആകാശ എയര്‍ നടപടി നേരിടുന്നത്. ഒക്ടോബറില്‍ പൈലറ്റ് പരിശീലനത്തിലെ അപാകതയുടെ പേരില്‍ 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. വിമാന പരിപാലനത്തിലെ പിഴവിന്റെ പേരില്‍ കഴിഞ്ഞയാഴ്ച മറ്റൊരു നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ബംഗളുരു വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തിയ വിമാനത്തിന്റെ സ്പോട്ട് ചെക്കിംഗ് നടത്താത്തതിനും ആകാശ എയര്‍ നടപടി നേരിട്ടിരുന്നു.