കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 10 സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് താലിബാൻ.
തക്കസമയത്ത് തിരിച്ചടിയുണ്ടാകുമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം കിഴക്കൻ അഫ്ഗാനിസ്ഥാനിലായിരുന്നു പാകിസ്ഥാൻ്റെ വ്യോമാക്രമണം.
പാകിസ്ഥാൻ്റെ ഭാഗത്തുനിന്നുണ്ടായത് കരാർ ലംഘനവും കുറ്റകൃത്യവുമാണെന്ന് ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിച്ചു. തങ്ങളുടെ വ്യോമാതിർത്തിയും ജനങ്ങളെയും സംരക്ഷിക്കാനുള്ള അവകാശം വിനിയോഗിക്കുമെന്നും ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് എക്സിലൂടെ വ്യക്തമാക്കി.
അതേസമയം, അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരവാദം ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് പാകിസ്ഥാൻ്റെ നിലപാട്. വ്യോമാക്രമണത്തിൽ ഒരു സ്ത്രീയും ഒൻപത് കുട്ടികളും കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു.
അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് മരിച്ചത്. ഒരു സാധാരണക്കാരന്റെ വീടിന് നേരെയാണ് പാകിസ്ഥാൻ സൈന്യം ബോംബാക്രമണം നടത്തിയതെന്നും മുജാഹിദ് പ്രസ്താവനയിൽ ആരോപിച്ചു.
എന്നാൽ വ്യോമാക്രമണം സംബന്ധിച്ച ആരോപണങ്ങളിൽ പാക് സൈന്യമോ സർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ അതിർത്തി പ്രവിശ്യകളായ കുനാർ, പക്തിക എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
ഒരു ദിവസം മുൻപ് പാകിസ്ഥാനിലെ പെഷവാറിലെ ഫെഡറൽ കോൺസ്റ്റാബുലറി ആസ്ഥാനത്ത് രണ്ട് ചാവേറുകളും ഒരു തോക്കുധാരിയും നടത്തിയ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ സംഭവത്തിന് പിന്നാലെയാണ് പാകിസ്ഥാൻ്റെ പ്രത്യാക്രമണം. ഈ ആക്രമണത്തിന് പിന്നിൽ പാക് താലിബാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാൻ പാക് നയതന്ത്ര ഉദ്യോഗസ്ഥൻ മുതിർന്ന അഫ്ഗാൻ പ്രവിശ്യാ നേതാവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ ഖത്തറും തുർക്കിയും മുൻകൈയെടുത്ത് ഒക്ടോബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് പുതിയ ആക്രമണങ്ങൾ.
സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ഇറാനും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

