വാട്ടര്‍ പൂളിൽ ഇറങ്ങി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ണുകള്‍ക്ക് പുകച്ചിലും ദേഹമാസകലം ചൊറിച്ചിലും; ചാലക്കുടി ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്കില്‍ പോയ സ്കൂള്‍ കുട്ടികള്‍ക്ക് കടുത്ത പനിയും ഛര്‍ദ്ദിയും കണ്ണുകളിലും ചെവികളിലും അണുബാധയും; ചികിത്സാ ചെലവ് ഡ്രീം വേള്‍ഡ് ഏറ്റെടുത്തെങ്കിലും പണം മാത്രം നല്കിയാല് അവരുടെ ഉത്തരവാദിത്തം കഴിഞ്ഞോ എന്ന് മാതാപിതാക്കള്‍; അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ
സ്വന്തം ലേഖകൻ
കൊച്ചി: ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്കിലേക്ക് വിനോദ യാത്രയ്ക്ക് പോയ സ്കൂള്‍ കുട്ടികള്‍ക്ക് കടുത്ത പനിയും ഛര്‍ദ്ദിയും ചര്‍മ്മ രോഗങ്ങളും ചൊറിച്ചിലും പിടിപെട്ട് ചികിത്സയില്‍. നോര്‍ത്ത് പറവൂര്‍ ഇൻഫന്റ് ജീസസ് പബ്ലിക് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വാട്ടര്‍പാര്‍ക്കിലെ പൂളില്‍ ഇറങ്ങിയ ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടത്. കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
നവംബര്‍ 8 നാണ് സ്കൂളിലെ ഇരുനൂറോളം കുട്ടികള്‍ ചാലക്കുടിയിലെ ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്കില്‍ വിനോദ യാത്രയ്ക്കായി എത്തിയത്. റൈഡുകളില്‍ എല്ലാം കയറിയ ശേഷം കുട്ടികള്‍ പൂളിലിറങ്ങി. പിന്നീട് തിരികെ വീട്ടിലെത്തിയ ശേഷമാണ് കുട്ടികള്‍ക്ക് കണ്ണുകള്‍ക്ക് പുകച്ചിലും ദേഹമാസകലം ചൊറിച്ചിലും അനുഭവപ്പെടാൻ തുടങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്‍പ്പ സമയത്തിനുള്ളില്‍ പലര്‍ക്കും ജലദോഷവും പനിയും പിടിപെട്ടു. എന്താണ് സംഭവിച്ചതെന്നറിയാതെ മാതാപിതാക്കള്‍ കുട്ടികളെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി കൊണ്ടു പോയി. ഇതിനിടയില്‍ പല കുട്ടികള്‍ക്കും പനിയും ഛര്‍ദ്ദിയും മൂര്‍ച്ഛിച്ചു. കണ്ണുകളിലും ചെവികളിലും അണുബാധയും പിടിപെട്ടു.
ആദ്യ ആഴ്ച മാതാപിതാക്കള്‍ ആരും തന്നെ വാട്ടര്‍പാര്‍ക്കില്‍ നിന്നും കുട്ടികള്‍ക്ക് അണുബാധയുണ്ടായതാണെന്ന് അറിഞ്ഞില്ല. പിന്നീട് കുട്ടികളുടെ മാതാപിതാക്കള്‍ തമ്മില്‍ രോഗവിവരത്തെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് വിനോദ യാത്രയ്ക്ക് പോയ കുട്ടികള്‍ക്കെല്ലാം തന്നെ രോഗം പിടിപെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം സ്കൂള്‍ അധികൃതരെ അറിയിച്ചു.
സ്കൂള്‍ അധികൃതര്‍ ഉടൻ തന്നെ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി മാതാപിതാക്കള്‍ക്ക് അറിയിപ്പ് നല്കി. ചാലക്കുടി ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്കിലേക്ക് വിനോദ യാത്രയ്ക്ക് പോയ കുട്ടികള്‍ക്ക് അണുബാധയും, പനിയും പിടിപെട്ടിട്ടുണ്ട്. അതിനാല്‍ കുട്ടികളെ ശ്രദ്ധിക്കുകയും ചികിത്സ നല്‍കുകയും ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം.
തൊട്ടു പിന്നാലെ വാട്ടര്‍ പാര്‍ക്ക് അധികൃതരെ വിവരം അറിയിച്ചു. കുട്ടികളുടെ ചികിത്സ അവര്‍ ഏറ്റെടുത്തു കൊള്ളാമെന്ന് മറുപടി നല്കി. ഇക്കാര്യവും സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചു. കുട്ടികള്‍ക്ക് രോഗം ബാധിച്ചതിനാല്‍ 23,24 ദിവസങ്ങളില്‍ കുട്ടികള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
അതേ സമയം പാര്‍ക്കിനെതിരെ മാതാപിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ നോക്കാതെ ഇത്തരത്തില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുമ്പോള്‍ എന്ത് വിശ്വാസത്തിലാണ് കുട്ടികളെ ഇവിടേക്ക് അയക്കുക എന്നാണ് അവര്‍ ചോദിക്കുന്നത്.
കുട്ടികളുടെ ചികിത്സയ്ക്ക് ചെലവാകുന്ന പണം അവര്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ പണം മാത്രം നല്കിയാല് അവരുടെ ഉത്തരവാദിത്തം കഴിഞ്ഞോ എന്നും ചികിത്സയിലിരിക്കുന്ന ഒരു കുട്ടിയുടെ മാതാവ് ചോദിക്കുന്നു.
പാര്‍ക്കിനെതിരെ പരാതി നല്കുന്ന കാര്യം അടുത്ത ദിവസം നടക്കുന്ന പി.ടി.എ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്നാണ് സ്ക്കൂള് അധികൃതര്‍ പറഞ്ഞത്. കുട്ടികള്‍ക്ക് രോഗം പിടിപെട്ട വിവരം അറിഞ്ഞില്ല എന്നും നോര്‍ത്ത് പറവൂരിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വഴി വിവരം അന്വേഷിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നും എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]