ടോക്കിയോ: 1978ന് ശേഷം ആദ്യമായി വിസ ഫീസ് വർധിപ്പിക്കാനൊരുങ്ങി ജപ്പാൻ. മറ്റ് പ്രമുഖ രാജ്യങ്ങൾ ഈടാക്കുന്ന വിസ ഫീസുകൾക്ക് സമാനമായ വർധനവാണ് ജപ്പാൻ നടപ്പാക്കാനൊരുങ്ങുന്നത്.
ജപ്പാനിലേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടാകുന്നതിനും വിസ നടപടികളുമായി ബന്ധപ്പെട്ട ഭരണച്ചെലവുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലുമാണ് തീരുമാനം.
പുതിയ ഫീസ് ഘടന ഗ്രൂപ്പ് ഓഫ് സെവൻ (ജി7), ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻ്റ് (ഒഇസിഡി) രാജ്യങ്ങളിലെ നിരക്കുകളുമായി താരതമ്യം ചെയ്ത് നിശ്ചയിക്കുമെന്നാണ് റിപ്പോർട്ട്. ജപ്പാനിലെ സിംഗിൾ-എൻട്രി വിസയ്ക്ക് 3,000 യെൻ (ഏകദേശം 20 ഡോളർ അല്ലെങ്കിൽ 1,670 ഇന്ത്യൻ രൂപ) ആണ് ചെലവ്.
മൾട്ടിപ്പിൾ-എൻട്രി വിസയ്ക്ക് 6,000 യെൻ (ഏകദേശം 40 ഡോളർ അല്ലെങ്കിൽ 3,340 ഇന്ത്യൻ രൂപ) ആണ് ഈടാക്കുന്നത്. ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ വിസ ഫീസുകളിൽ ഒന്നാണ്.
യുഎസ് ഹ്രസ്വകാല വിസയ്ക്ക് ഏകദേശം 185 ഡോളർ (ഏകദേശം 15,400 ഇന്ത്യൻ രൂപ), യുകെയിലാണെങ്കിൽ 177 ഡോളർ (ഏകദേശം 14,700 ഇന്ത്യൻ രൂപ), ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഏകദേശം 90 യൂറോ (105 ഡോളർ അല്ലെങ്കിൽ 8,740 ഇന്ത്യൻ രൂപ) എന്നിങ്ങനെയാണ് ചെലവ്. വിനോദസഞ്ചാരികളുടെ വരവ് വർദ്ധിച്ചതിനാലുണ്ടായ ഉയർന്ന പ്രവർത്തനച്ചെലവുകളാണ് പുതിയ പരിഷ്കരണത്തിലേക്ക് നയിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
2025-ന്റെ ആദ്യ പകുതിയിൽ 21.5 ദശലക്ഷം സന്ദർശകരാണ് ജപ്പാനിൽ എത്തിയത്. ഇത് എക്കാലത്തെയും ഉയർന്ന റെക്കോർഡാണ്.
കൂടാതെ ആദ്യമായി ഈ കാലയളവിൽ 20 ദശലക്ഷം സന്ദര്ശകര് എന്ന സംഖ്യ മറികടക്കുകയും ചെയ്തിരുന്നു. വിസ ഫീസിൽ മിതമായ രീതിയിലുണ്ടാകുന്ന വർദ്ധനവ് യാത്രക്കാരെ നിരുത്സാഹപ്പെടുത്തില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന രാജ്യങ്ങൾ ഓവർ ടൂറിസം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. വിസ ഫീസ് വർധനവ് ഒരു പരിധി വരെ ഓവർ ടൂറിസം നിയന്ത്രിക്കാൻ ജപ്പാനെ സഹായിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
അമേരിക്കയ്ക്കും യൂറോപ്പിനും സമാനമായി അപേക്ഷിക്കുന്ന സമയത്ത് തന്നെ വിസ ഫീസ് മുൻകൂട്ടി ഈടാക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതുവഴി നടപടിക്രമങ്ങൾ ലളിതമാക്കാനും അനാവശ്യമായ അപേക്ഷകൾ കുറയ്ക്കാനും സഹായിക്കുമെന്നാണ് നിഗമനം.
വിസ ഫീസ് വർദ്ധനവുമായി ബന്ധപ്പെട്ട കൃത്യമായ തോതിനെ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചതിന് ശേഷം അടുത്ത സാമ്പത്തിക വർഷം മുതൽ ഈ പരിഷ്കരണം പ്രാബല്യത്തിൽ വന്നേക്കാമെന്നാണ് സൂചന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

