
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്പറ്റ- വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും അവയുടെ നിയന്ത്രണത്തിലുള്ള പട്ടികവര്‍ഗ സംഘടനകളുടെയും നേതൃത്വത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ആദിവാസി കുടുംബങ്ങള്‍ ഒരു പതിറ്റാണ്ടുമുമ്പ് ആരംഭിച്ച ഭൂസമരം ഇനിയും ലക്ഷ്യത്തിലെത്തിയില്ല. ‘അവകാശം സ്ഥാപിച്ച’ ഭൂമിക്ക് കൈവശരേഖയെങ്കിലും കിട്ടുമെന്ന ആദിവാസി കുടുംബങ്ങളുടെ പ്രതീക്ഷയ്ക്കു നിറം കെടുകയാണ്. കൈയേറി കൈവശം വയ്ക്കുകയും കുടില്‍ കെട്ടി താമസിക്കുകയും ചെയ്യുന്ന വനഭൂമിയില്‍നിന്നു ഇറക്കിവിടാന്‍ അധികാരികള്‍ മുതിരുന്നില്ലെന്ന ആശ്വാസം മാത്രമാണ് അവര്‍ക്ക്. സമരസജ്ജരാക്കിയ രാഷ്ട്രീയ-സംഘടനാ നേതൃത്വത്തിനു പഴയ ഉത്സാഹം ഇല്ലാത്തത് ആദിവാസി കുടുംബങ്ങളില്‍ അസ്വസ്ഥ്യം പരത്തുന്നുണ്ട്.
2012 മെയ്, ജൂണ്‍ മാസങ്ങളിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനഭൂമി കൈയേറി ആദിവാസി കുടുംബങ്ങള്‍ ഭൂസമരം തുടങ്ങിയത്. സമരം ചെയ്താലേ ഭൂമി കിട്ടൂവെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും പട്ടികവര്‍ഗ സംഘടനാ നേതാക്കളുടെ വാക്കു വിശ്വസിച്ചാണ് ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ വനഭൂമി കൈയേറ്റത്തിനു തയാറായത്. സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ മുമ്പ് വനം കൈയേറിയ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു വനാവകാശ നിയമപ്രകാരം രേഖ ലഭിച്ചതും സമരാവേശത്തിനു കാരണമായിരുന്നു.
സമരത്തിന്റെ ഭാഗമായി നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളില്‍ വ്യാപകമായാണ് വനം കൈയേറ്റം നടന്നത്. രണ്ട് ഡിവിഷനുകളിലുമായി നൂറുകണക്കിനു ആദിവാസി കുടുംബങ്ങളാണ് സമര കേന്ദ്രങ്ങളിലുള്ളത്. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് സമരകേന്ദ്രങ്ങളില്‍ ഉള്ളതില്‍ അധികവും. ഊരുകളില്‍ തുണ്ടുഭൂമി പോലും സ്വന്തമായി ഇല്ലാത്തവരാണ് ഇവരില്‍ പലരും.
വടക്കേ വയനാട് ഡിവിഷനില്‍ ഏകദേശം 332 ഉം സൗത്ത് വയനാട് വനം ഡിവിഷനില്‍ 500 ഉം
ഹെക്ടര്‍ നിക്ഷിപ്ത വനത്തിലാണ് കൈയേറ്റം നടന്നത്. സമരകേന്ദ്രങ്ങളില്‍ ആദിവാസികള്‍ നിര്‍മിച്ച കുടിലുകള്‍ 2012 ജൂലൈയില്‍ വനം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചിരുന്നു. സമരക്കാരെ അറസ്റ്റുചെയ്യുകയുമുണ്ടായി. റിമാന്റിലായ ആദിവാസികള്‍ ജാമ്യം ലഭിച്ച മുറയ്ക്കു സമരകേന്ദ്രങ്ങളില്‍ തിരിച്ചെത്തുകയാണ് ചെയ്തത്. ഇവര്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനും പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനുശേഷം സമരകേന്ദ്രങ്ങളിലെ ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ നീക്കം നടന്നിട്ടില്ല.
സമരത്തിന്റെ ഭാഗമായി കൈയേറിയ ഭൂമിയില്‍ ആദിവാസി കുടുംബങ്ങള്‍ കാപ്പിയും കുരുമുളകും ഉള്‍പ്പെടെ ദീര്‍ഘകാല കൃഷികള്‍ നടത്തുന്നുണ്ട്. പന്നികള്‍ അടക്കം വന്യജീവികള്‍ വിഹരിക്കുന്ന പ്രദേശമാണെങ്കിലും ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നവരും കുറവല്ല. വന്യജീവി ശല്യവും ശുദ്ധജലക്ഷാമം ഉള്‍പ്പെടെ പ്രതിസന്ധികളെ നേരിട്ടാണ് ആദിവാസികള്‍ സമരഭൂമിയില്‍ പിടിച്ചുനില്‍ക്കുന്നത്. ഭൂമി അളന്നുതിരിച്ച് പതിച്ചു നല്‍കുന്നതിനുള്ള നിയമ, സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ ഭരണത്തില്‍ സ്വാധീനം ഉള്ളതടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ അടിയന്തരമായി ഇടപെടണമെന്നാണ് സമരകേന്ദ്രങ്ങളിലുള്ളവരുടെ ആവശ്യം.