തിരുവനന്തപുരം∙ സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി
മരണങ്ങള് വര്‍ധിക്കുന്നു. ഈ മാസം ഇതുവരെ എലിപ്പനി 30 ജീവനെടുത്തു.
26 പേര് മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയമുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 24 വരെ എലിപ്പനി ബാധിച്ചു മരിച്ചത് 156 പേരാണ്.
122 പേര് മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയവുമുണ്ട്. 2455 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
ബുധനാഴ്ച മാത്രം 23 പേര്‍ക്കാണ് എലിപ്പനി കണ്ടെത്തിയത്.
∙ രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്
പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാന്‍ വൈകരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. പ്രായഭേദമന്യേ ആര്‍ക്കും എലിപ്പനി ബാധിക്കാം.
ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടിക്കൊണ്ടു പോകുന്നവരുടെ നിലയാണ് ഗുരുതരമാകുന്നത്. പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന തുടങ്ങിയവ പ്രധാന രോഗലക്ഷണങ്ങളാണ്.
കടുത്ത ക്ഷീണം നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗാവസ്ഥ അനുസരിച്ച് കണ്ണില്‍ ചുവപ്പ് നിറമുണ്ടാകും.
പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ എലിപ്പനി സംശയിക്കാം.
നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ശ്വാസകോശം എന്നിവയെയൊക്കെ ബാധിച്ച് മരണം സംഭവിച്ചേക്കാം. പനി അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും ശരിയായ ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്യണം.
∙ പരിസര ശുചീകരണം പ്രധാനം
വീടും പരിസരവും പൊതുയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും എലികള്‍ പെരുകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയും ചെയ്യണം.
ശരിയായ ബൂട്ടുകളും ഗ്ലൗസുമില്ലാതെ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടരുതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കുട്ടികളെ ചെളിയിലും വെള്ളത്തിലും കളിക്കാന്‍ വിടരുത്.
വീട്ടില്‍ കഴിച്ച് ബാക്കിയുള്ള ഭക്ഷണം തുറന്നിടരുത്. അവല്, മലര് തുടങ്ങിയ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ചാക്കിലും മറ്റും തുറന്നു വയ്ക്കുന്ന നിലയില്‍ ആണെങ്കില്‍ എലി മൂത്രം കലരാനിടയുണ്ട്.
ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും കുടിവെള്ളവും മറ്റും അടച്ച് സൂക്ഷിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ സംസ്ക്കരിക്കണം.
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.
ശീതള പാനീയ കുപ്പികളും പാക്കറ്റുകളും കുടിവെള്ള കുപ്പികളും മറ്റു ഭക്ഷണ പായ്ക്കറ്റുകളും എലി കയറാത്ത രീതിയില്‍ സൂക്ഷിച്ച് വില്‍പ്പന നടത്താന്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കണം.
ഇത്തരം പായ്ക്കറ്റുകളും കുപ്പികളും വൃത്തിയാക്കിയ ശേഷം പൊട്ടിച്ചു ഉപയോഗിക്കാനും ശ്രദ്ധിക്കണം. മാലിന്യവുമായും മലിന ജലവുമായും സമ്പര്‍ക്കമുണ്ടായാല്‍ സോപ്പിട്ട് നന്നായി കഴുകുക.
മണ്ണുമായും മാലിന്യങ്ങളുമായും സമ്പര്‍ക്കമുണ്ടാകുന്ന തൊഴിലുകളിലേര്‍പ്പെടുന്നവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നു സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍, ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന അളവിലും രീതിയിലും കഴിക്കണം. ഡോക്സിസൈക്ലിന്‍ എലിപ്പനി വരാതെ പ്രതിരോധിക്കുന്നതിനും രോഗം ഗുരുതരമാകാതിരിക്കുന്നതിനും സഹായിക്കും.
∙ രോഗം പകരുന്നത് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക്
എലി, കന്നുകാലികള്‍, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് എലിപ്പനി.
മൃഗങ്ങളില്‍ ഒരിക്കല്‍ എലിപ്പനി രോഗബാധ ഉണ്ടായാല്‍ രോഗാണുക്കള്‍ അവയുടെ വൃക്കകളില്‍ ദീര്‍ഘകാലം നിലനില്ക്കാന് ഇടയുണ്ട്. മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും എത്തുകയും മാസങ്ങളോളം നിലനില്ക്കുകയും ചെയ്യും.
മൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായില്ലെങ്കിലും അവര്‍ രോഗാണു വാഹകരായി തുടരും.
വെള്ളത്തിലും ചെളിയിലും കലരുന്ന മൃഗമൂത്രത്തില്‍ അടങ്ങിയിരിക്കുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകള്‍ കാലിലെയും മറ്റും ചെറിയ മുറിവുകളിലൂടെയോ നേര്‍ത്ത തൊലിയിലൂടെയോ ശരീരത്തിലെത്തിയാണ് എലിപ്പനി രോഗബാധയുണ്ടാക്കുന്നത്. എലി മാത്രമല്ല എലിപ്പനിയുണ്ടാക്കുന്നത്.
നനവുള്ള പ്രദേശങ്ങള്‍, കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്കുചാലുകള്‍, വയലുകള്‍, കുളങ്ങള്‍, മലിനമായ സ്ഥലങ്ങള്‍ തുടങ്ങി എവിടെയും മൃഗങ്ങളുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കലര്‍ന്നിട്ടുണ്ടാവാം. അവിടെ ചെരിപ്പിടാതെ നടക്കുന്നത് എലിപ്പനി ക്ഷണിച്ചു വരുത്തും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]