മോസ്കോ: ബഹിരാകാശത്തുനിന്ന് അവസാനം അവ മടങ്ങിവന്നു. 75 എലികള്‍, 1500 ഈച്ചകള്‍, സൂക്ഷ്മജീവികള്‍, വിത്തുകള്‍ അടക്കമുള്ളവയാണ് 30 ദിവസങ്ങൾക്ക് ശേഷം തിരികെ ഭൂമിയിലേക്ക് എത്തുന്നത്.
റഷ്യയുടെ ബഹിരാകാശ ജൈവ ഗവേഷണ ഉപഗ്രഹമായ ബയോൺ-എം നമ്പർ 2 സെപ്റ്റംബർ 19-ന് ഒറെൻബർഗ് മേഖലയിലെ സ്റ്റെപ്പിസ് പ്രദേശത്താണ് തിരിച്ചിറങ്ങിയത്. 30-ലധികം പരീക്ഷണങ്ങളുമായി പറന്ന ഈ പേടകത്തെ, അതിലുണ്ടായിരുന്ന ചെറുജീവികളുടെ ശേഖരത്താൽ ‘നോഹയുടെ പെട്ടകം’ എന്നാണ് വിളിച്ചിരുന്നത്.
ഓഗസ്റ്റ് 20-ന് ബൈകോനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ്-2.1ബി റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം, 97 ഡിഗ്രി ചരിവിൽ, ഭൂമിയിൽ നിന്ന് ഏകദേശം 230 മുതൽ 236 മൈൽ (370 മുതൽ 380 കിലോമീറ്റർ) ഉയരത്തിലുള്ള പോളാർ ഭ്രമണപഥത്തിൽ പേടകം എത്തുകയും അതിനുശേഷം പേടകത്തിൽ ഉണ്ടായിരുന്ന ജൈവ മാതൃകകൾ ഉയർന്ന അളവിലുള്ള കോസ്മിക് വികിരണങ്ങൾക്ക് വിധേയമാവുകയും ചെയ്തു .
പേടകം താഴെയിറങ്ങിയപ്പോൾ മേഖലയിലെ ചെറിയ പുൽമേടുകളിൽ തീപിടിത്തം ഉണ്ടായി. എന്നാൽ അഗ്നിബാധ അതിവേഗത്തിൽ അണഞ്ഞതിനാൽ ഗവേഷകർക്ക് പേടകത്തിന് അടുത്തേക്ക് എത്താൻ കഴിഞ്ഞത്.
പേടകത്തിനുള്ളിലുള്ള ജീവനുള്ള സ്പെസിമനുകളെ പുറത്തെടുത്ത് പ്രാഥമിക പരിശോധന നടത്താൻ മൂന്ന് ഹെലികോപ്റ്ററുകളിലാണ് സാങ്കേതിക വിദഗ്ധരുടെ സംഘം പേടകത്തിന് സമീപം എത്തിയത്. ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച മോസ്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ പ്രോബ്ലംസ് പറയുന്നതനുസരിച്ച്, തിരിച്ചിറങ്ങിയ സ്ഥലത്ത് തന്നെ ഒരുക്കിയ മെഡിക്കൽ ടെന്റിലാണ് ആദ്യ പോസ്റ്റ്-ഫ്ലൈറ്റ് പഠനങ്ങൾ നടത്തിയത്.
വൈകാതെ ഇവയെ ഐബിഎംപിയുടെ ലബോറട്ടറികളിലേയ്ക്ക് തിരിച്ചെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ ബഹിരാകാശ കോർപ്പറേഷനായ റോസ്കോസ്മോസ്, റഷ്യൻ അക്കാദമി ഓഫ് സയൻസസ്, റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ പ്രോബ്ലംസ് എന്നിവയുടെ സംയുക്ത ശ്രമമാണ് ബയോൺ-എം നമ്പർ 2 ദൗത്യം .
പത്ത് വിഭാഗങ്ങളിൽ ശാസ്ത്രീയ ഗവേഷണം പത്ത് വിഭാഗങ്ങളായി നടക്കുന്ന ബയോൺ-എം നമ്പർ 2-ന്റെ ശാസ്ത്രീയ ഗവേഷണത്തിൽ ആദ്യത്തെയും രണ്ടാമത്തെയും വിഭാഗങ്ങൾ മൃഗങ്ങളിലെ ഗുരുത്വാകർഷണ ഫിസിയോളജിയെക്കുറിച്ചുള്ള പരീക്ഷണ പഠനങ്ങൾക്കായാണ് ഉപയോഗിക്കപ്പെടുക. ബഹിരാകാശ യാത്രകളിൽ ഉണ്ടാവുന്ന ഭാരമില്ലായ്മയും കോസ്മിക് വികിരണങ്ങളും മനുഷ്യശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളെ അതിജീവിച്ചുകൊണ്ട് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മൂന്ന്, നാല്, അഞ്ച് വിഭാഗങ്ങൾ ബഹിരാകാശ യാത്രയും മറ്റ് ബഹിരാകാശ ഘടകങ്ങളും സസ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും സൂക്ഷമജീവികളുടെ സമൂഹങ്ങളുടെയും ജീവശാസ്ത്രത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്നതിനായാണ് ഉപയോഗിക്കുക. പ്രപഞ്ചത്തിലെ ജീവന്റെ പൊതുവായ രീതികൾ മനസ്സിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ആറ്, എട്ട്, ഒമ്പത് വിഭാഗങ്ങളിൽ ജൈവസാങ്കേതിക, സാങ്കേതിക, ഭൗതിക, സാങ്കേതിക പരീക്ഷണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴാം വിഭാഗം, പുതിയ ക്രൂഡ് ബഹിരാകാശ പേടകങ്ങളുടെ റേഡിയേഷൻ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ റേഡിയോബയോളജിക്കൽ, ഡോസിമെട്രിക് പരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നു.
പത്താം വിഭാഗത്തിൽ, റഷ്യൻ ഫെഡറേഷനിലെയും ബെലാറസ് റിപ്പബ്ലിക്കിലെയും വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പരീക്ഷണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലാൻഡർ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്ന സമയത്ത് മീറ്റിയോറൈറ്റ് എന്ന പരീക്ഷണം നടത്തിയെന്നും ഭൂമിയിലെ ജീവൻ ബഹിരാകാശത്തുനിന്ന് വന്നതാകാം എന്ന പാൻസ്പെർമിയ സിദ്ധാന്തത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ പരീക്ഷണമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന കഠിനമായ താപത്തെ അതിജീവിക്കാൻ ബാക്ടീരിയകൾക്ക് കഴിയുമോ എന്ന് കണ്ടെത്താനായി ബയോൺ പേടകത്തിന്റെ പുറം ഭാഗത്തു സൂക്ഷ്മജീവികൾ അടങ്ങിയ ബസാൾട്ട് പാറക്കല്ലുകൾ ഘടിപ്പിച്ചിരുന്നു. ബയോൺ-എം നമ്പർ 2 ദൗത്യത്തിലുണ്ടായിരുന്ന എലികളുടെ ബഹിരാകാശത്തെ 30 ദിവസത്തെ യാത്ര വിശദമാക്കുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]