
ശ്രീഹരിക്കോട്ട: ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യാത്രാ പേടകത്തിലെ പാരച്യൂട്ട് സംവിധാനത്തിന്റെ പ്രവർത്തന ക്ഷമത പരിശോധിക്കാനുള്ള ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് പൂർത്തിയായത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഗഗൻയാൻ ആളില്ലാ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പ് പൂർത്തിയാക്കേണ്ട പ്രധാന പരീക്ഷണങ്ങളിലൊന്നാണ് ഇന്ന് ഐഎസ്ആർഒയും ഇന്ത്യൻ വ്യോമസേനയും നാവികസേനയും കോസ്റ്റ്ഗാർഡും ചേർന്ന് പൂർത്തിയാക്കിയത്.
ബഹിരാകാശ ദൗത്യം കഴിഞ്ഞ ശേഷം ഭൂമിയിലേക്ക് മടങ്ങിവരുന്ന പേടകം കടലിൽ ഇറങ്ങുന്നതിന് തൊട്ട് മുമ്പുള്ള പ്രക്രിയയുടെ മോക്ക് ഡ്രില്ലാണ് ഇന്ന് നടന്നതെന്ന് പറയാം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ ഡമ്മി പതിപ്പുമായി ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ പറന്നുയർന്നത്.
ബംഗാൾ ഉൾക്കടലിൽ മുൻകൂട്ടി തീരുമാനിച്ച സ്ഥാനത്തെത്തിയ ശേഷം, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ഉയരത്തിൽ വച്ച് പരീക്ഷണ മോഡലിനെ ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ടു. വീഴ്ചയ്ക്കിടെ പേടകത്തിൻ്റെ മുകളിലെ സംരക്ഷണ കവചം തെറിച്ച് മാറി.
പിന്നാലെ വേഗം കുറയ്ക്കാനുള്ള ആദ്യഘട്ട ഡ്രോഗ് പാരച്യൂട്ടുകൾ വിടർന്നു.
അതിന് ശേഷം മെയിൻ പാരച്യൂട്ടുകളും വിടര്ന്നു. പേടകം സുരക്ഷിതമായി കടലിൽ ഇറങ്ങി.
തൊട്ടുപിന്നാലെ നാവിക സേനയുടെ പ്രത്യേക സംഘം പേടകത്തെ കടലിൽ നിന്ന് വീണ്ടെടുക്കയും പ്രത്യേക കപ്പലിലേക്ക് മാറ്റുകയും ചെയ്തു. ഉച്ചയോടെ പേടകത്തെ ചെന്നൈ തുറമുഖത്തെത്തിച്ച് ഐഎസ്ആർഒയ്ക്ക് കൈമാറി.
ഗഗൻയാൻ ക്രൂ മൊഡ്യൂളിനകത്തെ പാരച്യൂട്ട് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ നടത്തിയ പല പരീക്ഷണങ്ങളിൽ ഒന്ന് മാത്രമാണ് ഇന്ന് നടന്നത്. കഴിഞ്ഞ വർഷം നടത്താനിരുന്ന പരീക്ഷണം പല കാരണങ്ങളാൽ വൈകുകയായിരുന്നു.
ഇനി പരീക്ഷണത്തിൽ നിന്ന് കിട്ടിയ വിവരങ്ങൾ വിശദമായി വിശകലനം ചെയ്യും. പാരച്യൂട്ടുകളുടെ പ്രവർത്തനവും, താഴേക്കിറക്കത്തിലെ വേഗതയും, കടലിൽ ഇറങ്ങിയപ്പോൾ അനുഭവപ്പെട്ട
കുലുക്കവുമെല്ലാം വിശദമായി പഠിക്കും. ഗഗൻയാൻ ശ്രേണിയിലെ ആദ്യ ആളില്ലാ ദൗത്യം ഈ ഡിസംബറിൽ നടക്കുമെന്ന് ഐസ്ആർഒ ചെയർമാനടക്കം ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്.
നിലവിൽ ആ ദൗത്യത്തിനുള്ള ക്രൂ മൊഡ്യൂൾ ഒരുക്കുന്ന തിരക്കിലാണ് ഐഎസ്ആർഒ. ആദ്യ മനുഷ്യ യാത്രാ ദൗത്യം 2027 അവസാനത്തോടെയെങ്കിലും നടത്തുകയാണ് ലക്ഷ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]