
സെന്റ് വിന്‍സെന്റ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനെതിരെ നിര്‍ണായക പോരില്‍ ബംഗ്ലാദേശിന് 116 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസ് (55 പന്തില്‍ 45) മാത്രമാണ് പിടിച്ചുനിന്നത്. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈന് മൂന്ന് വിക്കറ്റെടുത്തു. അഫ്ഗാന്റെ ഇന്നിംഗ്സ് അവസാനിച്ച ഉടന്‍ മഴയെ തുടര്‍ന്ന് പിച്ച് മൂടേണ്ടി വന്നു. മത്സരം ജയിച്ചാല്‍ മാത്രമെ അഫ്ഗാന് സെമിയിലെത്താന്‍ സാധിക്കൂ.
മഴയെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും അഫ്ഗാന് സെമി കളിക്കും. 12.1 ഓവറിനിടെ വിജയലക്ഷ്യം മറികടന്നാല്‍ ബംഗ്ലാദേശിനും സെമിയിലെത്താം. ഇവ രണ്ടും സംഭവിച്ചില്ലെങ്കില്‍ ഓസ്ട്രേലിയ സെമി ഫൈനല്‍ കളിക്കും. പതിഞ്ഞ തുടക്കമായിരുന്നു അഫ്ഗാന്. പവര്‍ പ്ലേ പോലും മുതലാക്കാന്‍ സാധിച്ചില്ല. 27 റണ്‍സ് മാത്രമാണ് ആറ് ഓവറില്‍ ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത്. 10 ഓവറില്‍ 58 റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. 11-ാം ഓവറില്‍ ആദ്യ വിക്കറ്റും പോയി. 29 പന്തില്‍ 18 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനെ റിഷാദ് ഹുസൈന് മടക്കി.
പിന്നീട് കൃത്യമായ ഇടവേളകളില്‍ അഫ്ഗാന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. അസ്മതുള്ള ഒമര്‍സായ് (10), ഗുല്‍ബാദിന്‍ നെയ്ബ് (4), മുഹമ്മദ് നബി (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ഗുര്‍ബാസും മടങ്ങി. ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിംഗ്സ്. റാഷിദ് ഖാന് (19), കരീം ജനത് (7) എന്നിവരുടെ ഇന്നിംഗ്സാണ് സ്കോര്‍ 100 കടത്തിയത്. ഇരുവരും പുറത്താവാതെ നിന്നു.
ഇന്നലെ, ഓസ്ട്രേലിയ സൂപ്പര്‍ എട്ടിലെ മൂന്നാം തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ഓസീസിന്റെ തോല്‍വി. ജയത്തോടെ ഇന്ത്യ സെമിയിലെത്തുകയും ചെയ്തു. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ 76 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്കോറര്‍. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.
Last Updated Jun 25, 2024, 7:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]