
ബ്രിട്ടനില്‍ നഴ്സുമാരുടെ ഒഴിവുകളില്‍ കനത്ത ഇടിവ്; മലയാളി നഴ്സുമാർക്ക് യുകെയിലേക്കുള്ള വാതില്‍ അടയുന്നു ; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവര്‍ മറ്റു രാജ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരും; 12 ശതമാനം ഒഴിവുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും ഏഴു ശതമാനം മാത്രം ; പഞ്ഞകാലം വന്നത് തിരിച്ചടിയായത് യുകെ മലയാളികളുടെ നഴ്സിങ് ഏജൻസികള്‍ക്ക്
സ്വന്തം ലേഖകൻ
ലണ്ടൻ: കേരളത്തില്‍ നിന്നും മാത്രം ശരാശരി പതിനായിരത്തിലേറെ മലയാളി നഴ്സുമാർ യുകെയടക്കം വിദേശത്തേക്ക് പറന്ന നല്ല നാളുകള്‍ക്ക് താത്കാലിക ശമനം.
ചില കണക്കുകളില്‍ പതിനായിരം നഴ്സുമാരോളം ശരാശരി യുകെയിലേക്ക് മാത്രം എത്തിയതായാണ് കേരളത്തില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.രണ്ടു വർഷം മുൻപ് എൻഎച്ച്എസില്‍ 12 ശതമാനം നഴ്സുമാരുടെ ഒഴിവുകള്‍ ഉണ്ടായിരുന്നത് മലയാളി നഴ്സുമാരുടെ കൂട്ടത്തോടെയുള്ള വരവോടെ വെറും ഏഴു ശതമാനമായി കുറഞ്ഞിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിനർത്ഥം ആയിരക്കണക്കിന് മലയാളി നഴ്സുമാർക്ക് യുകെയിലേക്കുള്ള വാതില്‍ അടയുകയാണ് എന്നത് തന്നെയാണ്. ഇക്കാര്യം കഴിഞ്ഞ വർഷം തന്നെ മനസിലാക്കിയ മലയാളികള്‍ അടക്കമുള്ള റിക്രൂട്ടിങ് ഏജൻസികള്‍ ഏറെക്കുറെ ഓഫീസുകള്‍ പോലും പൂട്ടിക്കെട്ടാനുള്ള ഒരുക്കത്തിലാണ്. കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ നേരിട്ടും സബ് ഏജൻസി മുഖേനെയും ഓഫീസുകള്‍ ഉണ്ടായിരുന്ന സ്ഥാപനങ്ങള്‍ വരുമാനവും ബിസിനസും പാടെ കുറഞ്ഞ സാഹചര്യത്തില്‍ തത്കാലം പേരിനു മാത്രം പ്രവർത്തിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും കുറവ് ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം ജനുവരി മുതല്‍ മാർച്ച് വരെ നടത്തിയ കണക്കെടുപ്പിലാണ് നഴ്സുമാരുടെ ഒഴിവുകള്‍ തീരെ ഇല്ലാതാകും വിധം നികത്തപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാകുന്നത. നാലു വർഷം മുൻപ് 44,000ത്തിലേറെ നഴ്സുമാരുടെ ഒഴിവുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 31,000ത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.
യുകെയില്‍ ഒരു വർഷം നഴ്സിങ് പഠിക്കാൻ തയ്യാറാകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇപ്പോള്‍ ഉള്ള ഒഴിവുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറെ വലിയ വ്യത്യസം ഇല്ല എന്ന് വ്യക്തമാകുമ്ബോള്‍ എൻഎച്ച്എസിന് വിദേശ നഴ്സുമാരുടെ കൈതാങ്ങ് ഇല്ലാതെ പ്രവർത്തിക്കാനാകുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. ഇതോടെ വരുന്ന ഏതാനും വർഷത്തേക്ക് വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെന്റില്‍ വലിയ തോതില്‍ ഉള്ള വെട്ടിക്കുറവ് ഉണ്ടാകും എന്ന് തന്നെയാണ് പറയാനാവുക.
ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാല്‍ കഴിഞ്ഞ ഒരു വർഷമായി അഭിമുഖവും മറ്റും പൂർത്തിയാക്കി യുകെ യാത്രയ്ക്ക് തയ്യാറായിരുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാർ ഇപ്പോള്‍ ഗതികെട്ട് ഓഫർ ലഭിച്ചിരുന്ന എൻഎച്ച്എസ് ആശുപത്രികളെ ബന്ധപ്പെടുകയാണ്. മാത്രമല്ല ഏജൻസികളുടെ സമ്മർദ്ദം കാരണം അധികമായി കൊണ്ടുവന്ന നഴ്സുമാർക്ക് ഷിഫ്റ്റ് നല്കാൻ ഒഴിവുകള്‍ കണ്ടെത്താനും പ്രയാസപ്പെടുകയാണ് പല എൻഎച്ച്എസ് ട്രസ്റ്റുകളും. ഒഴിവുകളുടെ കണക്ക് നോക്കാതെ റിക്രൂട്ട് നടത്തിയ എൻഎച്ച്എസ് ട്രസ്റ്റുകള്‍ ഇപ്പോള്‍ വെള്ളം കുടിക്കുന്ന സാഹചര്യമാണ്.
കഴിഞ്ഞ വർഷം മാസങ്ങളോളം ഏതാനും മലയാളി നഴ്സുമാർക്ക് ജോലി ഒന്നും ചെയ്യാതെ ശമ്ബളം ലഭിച്ച വിവരം ബെല്‍ഫാസ്റ്റില്‍ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ബിർമിങാമിലും വൂള്‍വർഹാംപ്ടണിലും ഒക്കെ എത്തിയ മലയാളി നഴ്സുമാർക്ക് വേറെ പട്ടങ്ങളിലേക്ക് റീ ലൊക്കേറ്റ് ചെയ്യേണ്ടി വന്നത് അടുത്തിടെയാണ്. ഇത്തരത്തില്‍ തികച്ചും തിരിച്ചടികളുടെ സൂചനകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നഴ്സിങ് റിക്രൂട്മെന്റ് രംഗത്ത് നിന്നും കേട്ടുകൊണ്ടിരുന്നത്. അതില്‍ വാസ്തവം ഉണ്ടെന്നു സൂചിപ്പിച്ചാണ് ഇപ്പോള്‍ ഒഴിവുകളുടെ എണ്ണം ക്രമമാതീതമായി താഴ്ന്നുവെന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം 12 ശതമാനം ഒഴിവുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും ഏഴു ശതമാനം ഒഴിവുകള്‍ മാത്രമാണ് എൻഎച്ച്എസില്‍ അവശേഷിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷ യോഗ്യത ഉണ്ടെങ്കില്‍ മറ്റൊന്നും നോക്കാതെ യുകെയിലേക്ക് എത്തിച്ചേരാം എന്ന സാഹചര്യമാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളില്‍ മിനിമം രണ്ടു വർഷം പ്രവർത്തി പരിചയം ഉള്ളവരെ മതിയെന്ന് വരെ മിക്ക എൻഎച്ച്എസ് ട്രസ്റ്റുകളും പറഞ്ഞു തുടങ്ങി. എന്നാല്‍ ഒരു വർഷം മുൻപ് വരെ ഇതായിരുന്നില്ല സാഹചര്യം. ബിർമിങ്ഹാം ട്രസ്റ്റില്‍ ഒക്കെ നഴ്സിങ് പഠിച്ചിറങ്ങിയ ഉടനെ നൂറിലേറെ മലയാളി നഴ്സുമാരാണ് യുകെയിലേക്ക് വിമാനം കയറിയത്.
ജോലി പരിചയം ഇല്ലാത്തതിനാല്‍ ഇത്തരം റിക്രൂട്മെന്റുകള്‍ക്ക് എതിരെ മുതിർന്ന ജീവനക്കാർ വ്യാപകമായ പരാതിയും ഉയർത്തിയിരുന്നു. അതിനിടയിലേക്ക് ഇപ്പോള്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന സാഹചര്യത്തില്‍ പഠനം കഴിഞ്ഞിറങ്ങിയാല്‍ നേരെ യുകെയിലേക്ക് എന്ന് ഇന്ത്യയില്‍ പരസ്യം ചെയ്യുന്ന ഏജൻസികളുടെയും നഴ്സിങ് കോളേജുകളുടെയും വലയില്‍ വീണുപോകാതിരിക്കാൻ ആണ് യുവ നഴ്സുമാർ ശ്രദ്ധിക്കേണ്ടത്. ആഗോള വ്യാപകമായി നഴ്സിങ് രംഗത്ത് ആയിരക്കണക്കിന് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെടും എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുതുതായി 150 നഴ്സിങ് കോളേജുകള്‍ തുടങ്ങാൻ ഇന്ത്യ ബജറ്റില്‍ പണം വകയിരുത്തിയതും ഏറ്റവും പുതിയ ട്രെന്റിനൊപ്പം നീങ്ങുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു. ഇക്കാര്യത്തില്‍ സർക്കാരുകളുടെ വരെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ് എന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിനു ബ്രിട്ടീഷ് ഗവന്മെന്റ് തടയിട്ടു തുടങ്ങിയ കാലം മുതല്‍ യുകെയിലെ നഴ്സിങ് ഏജൻസികള്‍ക്ക് കഷ്ടകാലമാണ്. കോവിഡ് കാലത്തു നഴ്സുമാരെ വിതരണം ചെയ്തു കോടികള്‍ ലാഭം ഉണ്ടാക്കിയ നഴ്സിങ് ഏജൻസി ബിസിനസിലേക്ക് കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി നൂറുകണക്കിന് മലയാളികളാണ് എടുത്തു ചാടിയത്. സ്റ്റോക് ഓണ്‍ ട്രെന്റ്, ലിവർപൂള്‍, ബ്രൈറ്റണ്, മാഞ്ചസ്റ്റർ തുടങ്ങിയ പ്രധാന പട്ടണങ്ങളില്‍ ഒരു ഡസനിലേറെ മലയാളി ഏജൻസികള്‍ പ്രവർത്തിച്ചിരുന്ന സമയം ഉണ്ടായിരുന്നു. ഹോം ഓഫീസ് നടത്തിയ റെയ്ഡുകളില് ലക്ഷത്തിനു മുകളില്‍ പൗണ്ട് പിഴയായി അടയ്ക്കേണ്ടി വന്നിട്ടും ബിസിനസ് തുടർന്നവർ പറയാതെ പറഞ്ഞത് തങ്ങളുടെ ലാഭത്തിന്റെ പത്തു ശതമാനം പോലും ആയിരുന്നില്ല ഈ പിഴ എന്നാണ്. ഏജൻസി നടത്തി പണം ഉണ്ടാക്കിയവർ സിനിമ പിടിക്കാൻ ഇറങ്ങിയതും ഹോട്ടല്‍ പോലെയുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് വഴി തിരിഞ്ഞതും അടുത്തിടെയാണ്.
ഏജൻസികളുടെ പേരില്‍ നൂറു പേര് പങ്കെടുക്കുന്ന പരിപാടി ആയാല്‍ പോലും മുൻപിൻ നോക്കാതെ അഞ്ഞൂറോ ആയിരമോ പൗണ്ട് സ്പോണ്‍സർഷിപ്പ് നല്‍കിയിരുന്ന എജൻസികളുടെ സുവർണ കാലഘട്ടവും ഇപ്പോള്‍ അവസാനിക്കുകയാണ്. കടുത്ത സാമ്ബത്തിക ഞെരുക്കം നേരിടുന്ന കൗണ്‍സിലുകള്‍ സോഷ്യല്‍ കെയർ ഫണ്ട് വർധിപ്പിക്കാൻ കഴിയാതെ വിഷമിക്കുന്ന സാഹചര്യത്തില്‍ നഴ്സിങ് എജൻസികള്‍ക്ക് ഷിഫ്റ്റുകളും ലഭിക്കുന്നില്ല ആഴ്ചയില്‍ നാലും അഞ്ചും ഷിഫ്റ്റ് ജോലി ചെയ്തിരുന്നവർക്ക് ഇപ്പോള്‍ ഒരു ഷിഫ്റ്റ് പോലും നല്‍കാനാകുന്നില്ല എന്നാണ് പ്രധാന ഏജൻസി നടത്തിപ്പുകാർ പറയുന്നത്. നഴ്സുമാരെ ആവശ്യപ്പെട്ടിരുന്ന എൻഎച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും ഒരു നഴ്സിനെ പോലും തേടി കോളുകള്‍ വരുന്നില്ല എന്നാണ് ഇപ്പോഴത്തെ ട്രെന്റ്.
എജൻസി വഴി ജോലിക്ക് പോയാല്‍ ഒരാഴ്ച കൊണ്ട് ആയിരക്കണക്കിന് പൗണ്ട് സമ്ബാദിക്കാം എന്ന ധാരണയില്‍ ജോലി രാജിവച്ചവർ പോലും ഇപ്പോള്‍ വീണ്ടും പഴയ ലാവണത്തിലേക്ക് ബാൻഡ് അഞ്ചില്‍ എങ്കിലും ജോലി കിട്ടുമോ എന്ന അന്വേഷണത്തിലാണ്. ഇതിനൊക്കെ അവസരം ഒരുക്കിയത് വിദേശ നഴ്സുമാരുടെ നിയന്ത്രണമില്ലാത്ത റിക്രൂട്മെന്റ് ആണെന്നാണ് ഇപ്പോള്‍ ആർസിഎൻ അടക്കമുള്ളവർ പറയുന്നത്. വിദേശ നഴ്സുമാരുടെ റിക്രൂട്മെന്റില്‍ നിയന്ത്രണം വേണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടതും അടുത്തിടെയാണ്. ഇക്കാര്യം ഇക്കഴിഞ്ഞ മാർച്ച് 19നു ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഇതെല്ലാം യുകെ സ്വപ്നത്തില്‍ നഴ്സിങ് പഠനം തിരഞ്ഞെടുക്കാൻ തീരുമാനിച്ച മലയാളി യുവത്വത്തിനുള്ള മുന്നറിയിപ്പുകള്‍ കൂടിയാണ്.
യുകെയിലെ ഏറ്റവും വലിയ തൊഴില്‍ സേനയായ എൻഎച്ച്എസില്‍ മലയാളികളുടെ വരവ് കുറയുമ്ബോള്‍ തീർച്ചയായും തിരിച്ചടികള്‍ പലവിധമാകും. ഇപ്പോള്‍ നഴ്സിങ് എജൻസികളെ ബാധിച്ച തളർച്ച വരും നാളുകളില്‍ മറ്റു ബിസിനസിലും പ്രതിഫലിക്കും. യുകെയില്‍ ബിസിനസ് ചെയ്യാൻ ഏറ്റവും നല്ല സമയം ആണെന്ന പ്രചാരണം ശക്തമായതോടെ കോർണർ ഷോപ്പുകള്‍ മുതല്‍ ഓണ്‍ലൈൻ വസ്ത്ര വില്പന വരെ കൂണു പോലെ പൊട്ടിമുളയ്ക്കുകയാണ്. അഞ്ചോ ആറോ ചെറുതും വലുതുമായ കേരളാ റെസ്റ്റോറന്റുകള്‍ ഇല്ലാത്ത പട്ടണങ്ങള്‍ കുറഞ്ഞു വരികയാണ്.
നാട്ടില്‍ നിന്നും യുകെയില്‍ നിന്നും ഓണ്‍ലൈൻ ട്യൂഷനുകള്‍ ആവശ്യത്തിലേറെയായി. സാമ്ബത്തിക രംഗത് പ്രവർത്തിക്കുന്ന ഏജൻസികള്‍ക്കും വരാനിരിക്കുന്ന കാലം അത്ര നല്ലതല്ല. മുൻപോട്ട് വലിയ നിക്ഷേപങ്ങള്‍ പ്ലാൻ ചെയ്യുന്നവർക്ക് കരുതലെടുത്താല്‍ കൈ പൊള്ളാതെ നിലനില്‍ക്കാനാകും എന്നതാണ് ട്രെന്റുകള്‍ തെളിയിക്കുന്നത്. ഏതു കാര്യത്തിനും നല്ല വശം ഉണ്ടാകും എന്നത് പോലെ മോശമായ കാര്യവും ഉണ്ടാകും എന്നാണ് വരാനിരിക്കുന്ന ട്രെന്റിനെ കൂട്ടുപിടിച്ചു ഇപ്പോള്‍ പറയാനാകുന്ന കാര്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]