
തിരുവനന്തപുരം: മിൽമയിലെ തൊഴിലാളി യൂണിയനുകൾ ചൊവ്വാഴ്ച മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പാക്കുന്നതിലുള്ള കാലതാമസത്തിൽ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാന ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന അനുരഞ്ജന യോഗത്തിൽ ഒത്തുതീർപ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.
സർക്കാർ അംഗീകാരത്തിന് വിധേയമായി ജൂലൈ മാസം 15 -ാം തീയ്യതി മുതൽ ദീർഘകാല കരാർ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകൾ മിൽമയിൽ നടപ്പാക്കുമെന്ന് ചർച്ചയിൽ മാനേജ്മെന്റ് ഉറപ്പുനൽകി. ഇത് അംഗീകരിച്ചാണ് ജൂൺ 25 മുതൽ പ്രഖ്യാപിച്ചിരുന്ന സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ സമ്മതിച്ചത്.
മിൽമ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ആസിഫ് കെ യൂസഫ്, ചെയർമാൻ കെ.എസ് മണി, റീജ്യണൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ചെയർമാന്മാരായ ഡോ. മുരളി പി, കെ.സി ജെയിംസ്, വിൽസൺ ജെ.പി എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനധീകരിച്ച് എ ബാബു, ശ്രീകുമാരൻ എം.എസ്, പി.കെ ബിജു (സി.ഐ.ടി.യു), ഭുവനചന്ദ്രൻ നായർ, എസ് സുരേഷ് കുമാർ (ഐ.എൻ.ടി.യു.സി), കെ.എല്‍ മധുസൂദനൻ, എസ് സുരേഷ്കുമാർ (എ.ഐ.ടി.യു.സി) എന്നിവരും പങ്കെടുത്തു. യോഗത്തിൽ തൊഴിൽ വകുപ്പിൽ നിന്ന് ലേബർ കമ്മീഷറെ കൂടാതെ അഡീഷണൽ ലേബർ കമ്മീഷണർ (ഇൻഡസ്ട്രിയൽ റിലേഷൻസ്) കെ ശ്രീലാൽ, തൊഴിൽ വകുപ്പ് ആസ്ഥാനത്തെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ സിന്ധു കെ.എസ് എന്നിവരാണ് പങ്കെടുത്തത്.
Last Updated Jun 24, 2024, 7:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]