
ദില്ലി: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കം. 279 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിലാണ്. 8 റൺസുമായി ക്വിന്റൺ ഡീകോക്കും 4 റൺസുമായി അംഗ്കൃഷ് രഘുവൻഷിയുമാണ് ക്രീസിൽ. സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.
പടുകൂറ്റൻ വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യ ഓവറിൽ തന്നെ രണ്ട് സിക്സറുകൾ പറത്തി സുനിൽ നരെയ്ൻ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ നായകൻ പാറ്റ് കമ്മിൻസ് 13 റൺസ് വഴങ്ങിയെങ്കിലും രണ്ടാം ഓവറിൽ ജയദേവ് ഉനദ്കട്ട് വെറും 7 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. മൂന്നാം ഓവറിൽ വീണ്ടും പാറ്റ് കമ്മിൻസിനെ നരെയ്ൻ അതിര്‍ത്തി കടത്തി. അവസാന പന്തിൽ ബൗണ്ടറി കൂടി കണ്ടെത്താൻ നരെയ്ന് കഴിഞ്ഞതോടെ 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ കൊൽക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസ് എന്ന നിലയിലെത്തി. നാലാം ഓവറിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ ഒരു ബൗണ്ടറി നേടാൻ കഴിഞ്ഞെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ നരെയ്നെ ഉനദ്കട്ട് ക്ലീൻ ബൗൾഡാക്കി. 16 പന്തുകൾ നേരിട്ട നരെയ്ൻ 3 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 31 റൺസ് നേടിയാണ് മടങ്ങിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ ഉനദ്കട്ട് 7 റൺസ് മാത്രം വിട്ടുകൊടുത്ത് ഓവര്‍ അവസാനിപ്പിച്ചു.
അഞ്ചാം ഓവറിൽ ഹര്‍ഷൽ പട്ടേലിനെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ച് അജിങ്ക്യ രഹാനെ സ്കോര്‍ ഉയര്‍ത്തി. അഞ്ചാം പന്തിൽ സിക്സറിന് ശ്രമിച്ച രഹാനെ തലനാരിഴയ്ക്കാണ് പാറ്റ് കമ്മിൻസിന്റെ കൈകളിൽ നിന്ന് രക്ഷപ്പെട്ടത്. അവസാന പന്തിൽ വീണ്ടും രഹാനെയെ പുറത്താക്കാനുള്ള അവസരം സൺറൈസേഴ്സ് ഫീൽഡര്‍മാര്‍ പാഴാക്കി. എൽബിഡബ്ല്യു അപ്പീലിനിടെ റൺസിന് ശ്രമിച്ച രഹാനെയെ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കാനുള്ള അവസരമാണ് സൺറൈസേഴ്സ് നഷ്ടപ്പെടുത്തിയത്. എൽബിഡബ്ല്യു നോട്ടൗട്ട് വിധിച്ച അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും അതും സൺറൈസേഴ്സിന് നഷ്ടമായി. ആറാം ഓവറിൽ മനോഹരമായ കവര്‍ ഡ്രൈവിലൂടെ രഹാനെ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ ഉനദ്കട്ട് കൊൽക്കത്ത നായകനെ മടക്കിയയച്ചു. ഇതോടെ ഇംപാക്ട് പ്ലെയറായി അംഗ്കൃഷ് രഘുവൻഷി ക്രീസിലെത്തി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി നേടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]