
പുന്നപ്ര: ആലപ്പുഴ പുന്നപ്ര ഐഎംഎസ് തീരപ്രദേശത്ത് ചെറിയ സിലിണ്ടർ രൂപത്തിൽ ഉള്ള വസ്തു കണ്ടെത്തിയതോടെ ആശങ്കയിലായി തീരദേശവാസികൾ. കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളിൽ നിന്നുള്ള വസ്തുക്കൾ ആണോ എന്ന സംശയച്ചിൽ ആശങ്കയിലായിരുന്നു നാട്ടുകാർ. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്കോഡും സ്ഥലത്ത് പരിശോധന നടത്തി.
പരിശോധനയിൽ സ്കൂബ ഡൈവേഴ്സ് ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അടിഞ്ഞതെന്ന് കണ്ടെത്തി. കപ്പലിൽ നിന്നുള്ള കണ്ടെയിനറുകൾ ആലപ്പുഴ തീരത്ത് എത്താനുള്ള സാധ്യതയാണ് കൂടുതൽ എന്നാണ് വിവരം. അതിനാൽ അതീവ ജാഗ്രതയിലാണ് തീരദേശവാസികൾ. തീരദേശത്ത് ജാഗ്രത വേണമെന്നും കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലായതിനാൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകളുണ്ട്. ഇതിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ആണ്. വെള്ളവുമായി കലർന്നാൽ സ്ഫോടനമുണ്ടാകാൻ സാധ്യതയുള്ളതാണ് കാൽസ്യം കാർബൈഡ്. കാർബൈഡ് വെള്ളവുമായി കൂടിക്കലരുമ്പോൾ ആസ്തലീൻ വാതകം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണെന്ന് വിദഗ്ധർ പറയുന്നു. വെൽഡിങ് മെഷീനിൽ ഉപയോഗിക്കുന്നത് അസറ്റലിൻ വാതകമാണ്.
കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്. കപ്പൽ മുങ്ങിയ മേഖലയിൽ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. അതേസമയം കപ്പൽ പൂർണ്ണമായും കടലിൽ മുങ്ങിയതായി ചീഫ് സെക്രട്ടറിതല യോഗത്തിന് ശേഷം സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നൗട്ടിക്കൽമൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ഇന്ധന ചോർച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]