
ദൈവം വിസ്മയങ്ങളുടേത്, പാവപ്പെട്ടവരെ ചേർത്തു പിടിക്കലാണ് വലുതെന്ന് ഡോ.വർഗീസ് ചക്കാലക്കൽ
സ്നേഹത്തിന്റെ ആൾരൂപമാണ് ഡോ.വർഗീസ് ചക്കാലക്കൽ. ആ മുഖത്തു വിരിയുന്നതു ലാളിത്യം നിറഞ്ഞ പുഞ്ചിരിയും.
കുഞ്ഞുങ്ങളെപ്പോലെ കണ്ണുകൾ ഇറുക്കി ചിരിക്കുന്ന ആ മുഖത്തേക്കു നോക്കുമ്പോൾ ഓരോ വിശ്വാസിയുടെയും മനസ്സിലേക്ക് ആനന്ദവും സ്നേഹവും നിറഞ്ഞൊഴുകും. ഇന്ന് അതിരൂപതയാകുന്ന കോഴിക്കോട്ടെ ആദ്യ ആർച്ച് ബിഷപ്പായി സ്ഥാനമേൽക്കുന്ന വർഗീസ് ചക്കാലക്കൽ മനസ്സു തുറക്കുന്നു: ∙ ആർച്ച് ബിഷപ്പായി സ്ഥാനമേൽക്കുമ്പോൾ എന്താണ് അങ്ങേയ്ക്ക് പറയാനുള്ളത്? ‘‘ ദൈവം വിസ്മയങ്ങളുടെ ദൈവമാണ്.
നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് ദൈവം നമുക്ക് സമ്മാനങ്ങളുമായി വരുന്നു. നമ്മളെ സന്തോഷിപ്പിക്കുന്നു.
ആനന്ദിപ്പിക്കുന്നു. നിലവിളിക്കുന്നവരുടെ നിലവിളി കേൾക്കുന്ന ദൈവമാണ്.
രൂപതയിലെ വിശ്വാസികളുടെ നിലവിളികൾ പ്രാർഥനകളായി സ്വർഗത്തിലേക്ക് ഉയർന്നുപോയിട്ടുണ്ട്. അതിനുള്ള ഉത്തരമായാണ് അതിരൂപതാ പ്രഖ്യാപനം വന്നത്.
എല്ലാവരെയും ചേർത്തുനിർത്തണം. എല്ലാവരും ദൈവത്തിന്റെ മക്കളാണ് എന്നതാണ് തത്വശാസ്ത്രം.
പാവപ്പെട്ട അനേകം ജനങ്ങളുടെ രൂപതയാണ് നമ്മുടേത്.
അവരെ ഉയർത്തിക്കൊണ്ടുവരികയെന്നതാണ് നമ്മുടെ ലക്ഷ്യം.’’
∙ പ്രഖ്യാപനവിവരം എപ്പോഴാണ് അറിഞ്ഞത് ?
‘‘രൂപതയെ അതിരൂപതയായി പ്രഖ്യാപിക്കുന്ന വാർത്ത ഞാനറിഞ്ഞത് ഷിക്കാഗോയിൽവച്ചാണ്. ഷിക്കാഗോയിൽ ധ്യാനത്തിലായിരുന്നു.
അപ്പോഴാണ് ഒരു ദിവസം രാവിലെ ഡൽഹിയിൽനിന്ന് വിളിവന്നത്. ഡൽഹിയിലെ അപ്പോസ്തലിക് ന്യൂൺഷ്യോ ലിയോപോൾഡോ ജിറല്ലിയാണ് വിളിച്ചത്.
12ന് ഉച്ചയ്ക്ക് 3.30 വരെ ഈ വിവരം പൊന്തിഫിക്കൽ രഹസ്യമായി സൂക്ഷിക്കണമെന്ന് അറിയിച്ചിരുന്നു. പ്രഖ്യാപനം നടത്താനുള്ളതിനാൽ കാനഡയിലെ യാത്ര പാതിവഴിയിൽനിർത്തി.
കോഴിക്കോട്ടേക്ക് തിരിച്ചെത്തി. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തുകയും രൂപതാ മെത്രാനെ ആർച്ച്ബിഷപ്പായും ഉയർത്തിയതിനു ദൈവത്തിനു നന്ദി പറയുന്നു.
’’
ഡോ.വർഗീസ് ചക്കാലക്കൽ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
∙ കോഴിക്കോട് രൂപതയുടെ പതിറ്റാണ്ടുകൾ നീണ്ട
കാത്തിരിപ്പാണല്ലോ യാഥാർഥ്യമാവുന്നത് ? ‘‘ പല പ്രശ്നങ്ങളും കാരണം പലപ്പോഴും നടക്കാതെ പോയ പ്രഖ്യാപനമാണ്. ഇതൊന്നും നടക്കില്ലെന്ന ചിന്തയായിരുന്നു. അവിടെയാണ് വിസ്മയങ്ങളുമായി ദൈവം കടന്നുവന്നത്.
ഡൽഹിയിലുള്ള വത്തിക്കാൻ പ്രതിനിധി ലിയോപോഡോ ജിറെല്ലി അതിരൂപതാ പ്രഖ്യാപനത്തിനായി ഏറെ സ്നേഹത്തോടെ പരിശ്രമിച്ചു. കോഴിക്കോട് അതിരൂപതയായി ഉയർത്തണമെന്ന ബിഷപ്പുമാരുടെ ആവശ്യം കേട്ട് ലിയോപോഡോ ജിറെല്ലി പറഞ്ഞത്, ‘ഞങ്ങൾ കാത്തിരിക്കുകയാണ്’ എന്നാണ്.
അസുഖാവസ്ഥയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ രേഖകൾ ഒപ്പിട്ടുകൊടുത്തു. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഓശാനത്തലേന്ന് അതിരൂപതാപ്രഖ്യാപനം നടന്നത്.’’
∙ സ്നേഹം വഴിഞ്ഞൊഴുകുന്ന പിതാവിനെയാണ് എല്ലാവരും അനുഭവിച്ചറിഞ്ഞിട്ടുള്ളത്
‘‘ എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ളത് അസീസിയയിലെ വിശുദ്ധ ഫ്രാൻസിസാണ്.
ഞാൻ നേരിട്ടനുഭവിച്ചിട്ടുള്ള മൂന്നു മാർപാപ്പമാരുടെ സ്നേഹം എന്നും മനസ്സുനിറയെ കാത്തുസൂക്ഷിക്കുന്നു. അഗതികളുടെ അമ്മ മദർ തെരേസ നൽകിയ ഉപദേശങ്ങൾ മാർഗദീപമാണ്.
എന്റെ മുൻഗാമി പത്രോണി പിതാവ്, തൃശ്ശൂർ ബിഷപ്പായിരുന്ന മാർ ജോസഫ് കുണ്ടുകുളം..അവരൊക്കെ വ്യക്തിജീവിതത്തിൽ ആഴത്തിൽ സ്വാധീനംചെലുത്തിയിരുന്നു. അവരെല്ലാവരും പഠിപ്പിക്കുന്നത് സ്നേഹത്തിന്റെ മാധുര്യത്തെക്കുറിച്ചാണ്.
നീ നല്ലവനാണ് എന്നു പറയൂ. അതിന്റെ മുഴക്കം നാം കേൾക്കും.
നിഷ്കളങ്കസ്നേഹം നൽകുമ്പോൾ അത് തിരികെകിട്ടും. അതാണ് മാറ്റൊലിയുടെ നിയമം.’’ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി സ്ഥാനാരോഹിതനാകുന്ന ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ.
(Photo: Special Arrangement)
∙ വലിയ ഉത്തരവാദിത്തങ്ങൾ വരികയാണല്ലോ. കർമപരിപാടികൾ തീരുമാനിച്ചിട്ടുണ്ടോ?
‘‘ ഭാവിപരിപാടികൾ വൈദികരുമായി ആലോചിച്ചാണ് രൂപപ്പെടുത്തുക.
ഈ അതിരൂപത പാവപ്പെട്ടവരുടെ അതിരൂപതയാണ്. അവരെ ചേർത്തുപിടിക്കുന്നതാണ് ഏറ്റവും വലുതെന്ന് കരുതുന്നു.
സാമ്പത്തികക്ലേശമുള്ളവർക്ക് തൊഴിൽനൈപുണ്യം നൽകണം. പാവപ്പെട്ടവർക്കുവേണ്ടി ഒരു ഗ്രാമമൊരുക്കുകയെന്ന സ്വപ്നമുണ്ട്.
അതിന്റെ ആദ്യപടിയായാണ് വെള്ളിമാടുകുന്നിൽ പാലിയേറ്റീവ് സംരംഭം തുടങ്ങിയത്. വെള്ളിമാടുകുന്നിൽ ഒരു വലിയ കാരുണ്യഗ്രാമമൊരുക്കണം.
എല്ലാവരാലും തഴയപ്പെട്ട മനുഷ്യർക്ക് അവിടെ അഭയം ലഭിക്കണം.
വീടില്ലാത്തവർക്ക് വീട് നൽകണം. പാവപ്പെട്ട
വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കണം. ഇതിനൊന്നും മതത്തിന്റെ വേലിക്കെട്ടുണ്ടാവരുത്.’’ ∙ ജീവിതത്തിലെ ഇഷ്ടങ്ങൾ എന്തൊക്കെയാണ്? ‘‘ വായനയാണ്എനിക്ക് ഏറ്റവുമിഷ്ടം.
പത്രങ്ങളും മാസികകളും വായിക്കും. സാഹിത്യകൃതികൾ വായിക്കും.
എം. മുകുന്ദന്റെ കഥകൾ വളരെ ഇഷ്ടമാണ്.
കഞ്ഞിയും കപ്പയും ചേനയും ചേമ്പുമൊക്കെയായി നാടൻ ഭക്ഷണമാണ് പ്രിയം.’’
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]