
അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങുന്നു; കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു, എറണാകുളം, അലപ്പുഴ തീരത്ത് എത്തിയേക്കും
കൊച്ചി ∙ കടലിൽ ചെരിഞ്ഞ കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലിൽനിന്നു മാറ്റി.
കപ്പൽ കടലിൽ താഴുന്ന സാഹചര്യത്തിലാണിത്. കപ്പൽ താഴ്ന്നതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു.
കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മറ്റൊരു കപ്പലെത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കപ്പലാണ് എത്തിയത്.
നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കപ്പൽ കരയിലേക്ക് അടുപ്പിക്കാൻ നാവിക സേന ശ്രമം ആരംഭിച്ചു.
കടലിൽ വീണ കണ്ടെയ്നറുകൾ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട
ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. കൊച്ചിയിലേക്കു വന്ന എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണു തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്.
കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. കണ്ടെയ്നർ അടിയാൻ കൂടുതൽ സാധ്യതയുള്ള സ്ഥലം.
ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടത്.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പൽ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്നറുകളിൽ ചിലതു കടലിൽ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തിൽ ലഭിച്ചത്. തുടർന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയർ വിമാനവും പട്രോൾ യാനങ്ങളായ ഐസിജിഎസ് അർണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോൾ യാനമായ ഐഎൻഎസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു.
ശക്തമായ കാറ്റിനെത്തുടർന്നാണ് അപകടമെന്നു കരുതുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]