
തിരുവനന്തപുരം:ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തുള്ള ഹൈക്കോടതി വിധിയില്‍ നിര്‍ണായകമായത് മിറ്റിഗേഷൻ റിപ്പോര്‍ട്ട്. ഒന്നാം പ്രതി നിനോ മാത്യുവിന്റെ ജയിലിലെ മിറ്റിഗേഷൻ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്. നിനോ മാത്യു ജയിലിൽ സഹതടവുകാരോട് നന്നായി പെരുമാറുന്നതും ഇയാൾക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതും ഭാവിയിൽ മാനസാന്തരത്തിനുള്ള സാധ്യതയായി കോടതി കണക്കിലെടുത്തു.
അതേസമയം, വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തെങ്കിലും ക്രൂരമായ ഇരട്ടക്കൊലപാതകം തെളിഞ്ഞതിനാൽ പ്രതി 25 വർഷം തുടർച്ചയായി ആനുകൂല്യങ്ങൾ ഇല്ലാതെ ജയില്‍ ശിക്ഷ അനുഭവിക്കണം. രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീൽ തള്ളിയ ഹൈക്കോടതി വിചാരണ കോടതി വിധിച്ച ഇരട്ടജീവപര്യന്തം ശരിവെച്ചു. അനുശാന്തിയുടെ നാലുവയസുകാരി മകളെയും ഭര്‍ത്താവിന്റെ അമ്മയെയുമാണ് സുഹൃത്തായ നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്.
2014 ഏപ്രിൽ 16നാണ് ആറ്റിങ്ങലിലെ വീട്ടിൽ കയറി നിനോ മാത്യു മൂന്നരവയസ്സുകാരി സ്വാസ്തിക യെയും അറുപത് വയസ്സുള്ള ഓമനയെയും വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തവും വിധിച്ച വിചാരണ കോടതി തീരുമാനം ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, ക്രൂരമായ ഇരട്ടക്കൊലപാതകത്തിന് രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീൽ തള്ളിയ ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്സണ് ജോണ്‍ എന്നിവര്‍ ഇവരുടെ ഇരട്ടജീവപര്യന്തം ശരിവെച്ചു. ഒന്നാം പ്രതിക്ക് വധശീക്ഷ ഒഴിവാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ വ്യക്തമാക്കി.
ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യൂവും അനുശാന്തിയും. അനുശാന്തിയുമായുള്ള സൗഹൃദം ഒരുമിച്ച് ജീവിക്കണമെന്ന തീരുമാനത്തിലെത്തിയപ്പോൾ തടസം ഒഴിവാക്കാനായിരുന്നു ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിനായി വീടിന്റെ മുഴുവൻ ദൃശ്യങ്ങളടക്കം ആഴ്ചകൾക്ക് മുൻപെ നിനോ മാത്യുവിന് കൈമാറിയ അനുശാന്തി കൊലപാതകത്തിന്റെ ഗൂഡാലോചനയിൽ മുഖ്യപങ്കാളിയായി. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിനും ഗുരുതര പരുക്കേറ്റിരുന്നു. മാസങ്ങളുടെ തയ്യാറെടുപ്പിൽ കൊലപാതകത്തിന് പ്രതികൾ കൗണ്ട് ഡൗണ്‍ നടത്തിയതിന്റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
Last Updated May 24, 2024, 7:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]