
ഗാഡ്ഗിലിനെ തിരുത്തിയ ‘ഗ്രിഡ്’ മോഡൽ; പരിസ്ഥിതിക്കൊപ്പം ജനങ്ങളും; കസ്തൂരിരംഗൻ റിപ്പോർട്ട് എതിർക്കപ്പെട്ടത് എന്തു കൊണ്ട്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ അമരക്കാരൻ അന്ന് സംഘർഷഭരിതമായിരുന്ന കേരളത്തിലെ തീയണച്ചത് തന്റെ പ്രിയപ്പെട്ട ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആയിരുന്നു. റിപ്പോർട്ടിലെ കസ്തൂരിരംഗന്റെ തിരുത്തലുകൾ പശ്ചിമഘട്ടവും അവിടത്തെ ജനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. മാധവ് ഗാഡ്ഗിൽ സമിതിയുടെ പരിസ്ഥിതി റിപ്പോർട്ടിനു പിന്നാലെ സംസ്ഥാനത്തെ മലയോര ജനതയ്ക്കിടയിൽ രൂപപ്പെട്ടത് വലിയ ആശങ്കയായിരുന്നു. പതിയെ പ്രക്ഷോഭങ്ങൾ മല ഇറങ്ങി തിരുവനന്തപുരത്തേക്കും ഡൽഹിയിലേക്കും നീണ്ടു. ഒടുവിൽ ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തി പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദേശത്തോടെയാണ് കേന്ദ്ര ആസൂത്രണ കമ്മിഷൻ അംഗം ഡോ. കെ.കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സർക്കാർ നിയോഗിക്കുന്നത്.
∙ സംവേദക മേഖലകൾക്കു പകരം ഗ്രിഡ്
പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി, പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം മാത്രം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരംഗൻ സമിതി വിലയിരുത്തി. ഗ്രിഡ് അനുസരിച്ച് പരിസ്ഥിതി മേഖലകളെ വേർതിരിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം. ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനായിരുന്നു മറ്റൊരു പ്രധാന നിർദേശം.
പരിസ്ഥിതി സംവേദക മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദേശിച്ച കർശനനിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും കസ്തൂരിരംഗൻ ആവശ്യപ്പെട്ടു. കേരളത്തിലെ 11 ജില്ലകളിൽ 37 ശതമാനം പ്രദേശങ്ങളിൽ വസിക്കുന്ന ജനങ്ങൾക്ക് വീട് നിർമിക്കാനോ, വികസനപ്രവർത്തനങ്ങൾക്കോ സാധ്യമാകാത്ത നിലയാണ് റിപ്പോർട്ടിലെ ശുപാർശകൾ എന്നായിരുന്നു ആക്ഷേപം. പിന്നാലെയാണ് ഡോ. ഉമ്മൻ വി.ഉമ്മനെ പഠനത്തിനായി നിയോഗിക്കുന്നത്.
∙ ‘ആ റിപ്പോർട്ട് ഇന്നും പ്രസക്തം’
പരിസ്ഥിതി മേഖലയെ മാത്രം ഫോക്കസ് ചെയ്താണ് ഗാഡ്ഗിൽ റിപ്പോർട്ടെങ്കിൽ പരിസ്ഥിതി മേഖലയും മനുഷ്യവാസ മേഖലയും ചേർത്തുവച്ചുള്ള റിപ്പോർട്ടാണ് ക്സതൂരിരംഗൻ തയാറാക്കിയതെന്ന് കുട്ടനാട് കായൽകൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ആർ.ജി.പദ്മകുമാർ പറഞ്ഞു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം നിറഞ്ഞുനിൽക്കുന്ന ഇക്കാലത്താണ് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പ്രസക്തി മനസിലാക്കേണ്ടത്. റിപ്പോർട്ടിനോട് അഭിപ്രായവ്യത്യാസമുള്ളവരുണ്ട്, കസ്തൂരിരംഗൻ റിപ്പോർട്ട് എതിർക്കപ്പെട്ടു എന്നത് സത്യമാണെന്നും പദ്മകുമാർ പറഞ്ഞു. കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തു നടപ്പാക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം അന്ന് ആവശ്യപ്പെട്ടിരുന്നു.
∙ ‘സമരം റിപ്പോർട്ടിന് എതിരായിരുന്നില്ല’
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഞങ്ങളൊക്കെ പറയുന്നതിൽ ന്യായമുണ്ടെന്ന് സർക്കാർ മനസിലാക്കിയതോടെയാണ് കസ്തൂരിരംഗൻ ചിത്രത്തിൽ വരുന്നതെന്ന് മുൻ എംപി ജോയ്സ് ജോർജ് പറഞ്ഞു. ഒട്ടും പ്രായോഗികമല്ലാത്ത നിർദേശങ്ങളാണ് ഗാഡ്ഗിലിന്റേതെന്ന് കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കസ്തൂരിരംഗന്റെ സമീപനവും മാനദണ്ഡവുമൊക്കെ സ്വാഗതാർഹമായിരുന്നു. പക്ഷേ ആ പൊതുമാനദണ്ഡം കേരളത്തിൽ ലംഘിക്കപ്പെട്ടു. അപ്പോഴും കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ ആരും സമരം നടത്തിയില്ല. കസ്തൂരിരംഗൻ റിപ്പോർട്ട് നൽകി പെട്ടെന്ന് തന്നെ കേന്ദ്രസർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അതിനെതിരെയാണ് ഇരിക്കൂറിലും കോഴിക്കോടുമൊക്കെ ശക്തമായ പ്രതിഷേധം ഉണ്ടായതെന്ന് ജോയ്സ് ജോർജ് ഓർത്തെടുത്തു.