
ദില്ലി: പഹൽഗാമിൽ നിരപരാധികളായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ കായിക മേഖലയിലുൾപ്പെടെ പാകിസ്താനെതിരെ നിലപാട് സ്വീകരിച്ച് ഇന്ത്യ. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐസിസിയ്ക്ക് ബിസിസിഐ കത്ത് നൽകി. ഐസിസിയുടെ ടൂര്‍ണമെന്റുകളിൽ ഇനി പാകിസ്ഥാനോടൊപ്പം ഒരേ ഗ്രൂപ്പിൽ ഇന്ത്യയെ ഉൾപ്പെടുത്തരുതെന്ന് വ്യക്തമാക്കിയാണ് ബിസിസിഐ കത്ത് നൽകിയിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന് (26/11) പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വലിയ രീതിയിൽ വഷളായിരുന്നു. ഇതിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ നടന്നിട്ടില്ല. ഐസിസിയുടെ ടൂര്‍ണമെന്റുകളിൽ മാത്രമാണ് നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം കാരണം പാകിസ്ഥാനുമായി യാതൊരു വിധത്തിലും സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഐസിസിയ്ക്ക് മുന്നിൽ ബിസിസിഐ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
2026ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഇനി ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് പങ്കെടുക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്റ്. വനിതകളുടെ ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കുന്നത്. ബിസിസിഐയുടെ കത്തിന്റെ പശ്ചാത്തലത്തിൽ വനിത ലോകകപ്പിന്റെ മത്സരക്രമങ്ങൾ പുറത്തുവരുമ്പോൾ ഐസിസി എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ, പാകിസ്ഥാനിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ മത്സരിക്കാൻ ഇന്ത്യ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. പാകിസ്ഥാനിലേയ്ക്ക് ഇന്ത്യൻ ടീമിനെ അയക്കില്ല എന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഇതേ തുടര്‍ന്ന് നീണ്ട ചര്‍ച്ചകൾ നടന്നിരുന്നു. അവസാനം ഇന്ത്യയിലും പാകിസ്ഥാനിലും നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകൾ ഹൈബ്രിഡ് മോഡലിൽ നടത്താം എന്ന് ബിസിസിഐയും പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡും തീരുമാനിച്ചു. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ദുബായിലാണ് നടത്തിയത്.
READ MORE: രാജ്യത്തിന്റെ കണ്ണീരൊപ്പി വനിത ബേസ്ബോൾ ടീം; പാകിസ്ഥാനെ മുട്ടുകുത്തിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]