
ഫ്രാൻസിസ് പാപ്പയുടെ പൊതുദർശനം: എല്ലാ വഴികളും വത്തിക്കാനിലേക്ക്; നാളെ ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വത്തിക്കാൻ സിറ്റി ∙ പകൽ, വെയിലേറ്റ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നാലും അഞ്ചും മണിക്കൂറുകൾ… രാത്രി, വെളുക്കുംവരെ ഉറങ്ങാതെ നീണ്ടനിരയിൽ…എന്നിട്ടും മടുപ്പറിയാതെ പതിനായിരങ്ങൾ അവസാനമായി കാണാൻ കാത്തുനിന്നു. പൊതുദർശനം അർധരാത്രിവരെ നീട്ടാൻ തീരുമാനിച്ച വത്തിക്കാൻ, നിര നീളുന്നതു കണ്ട് നേരം വെളുക്കുന്നതുവരെ ബസിലിക്കയുടെ വാതിൽ തുറന്നിട്ടു. കരകടന്നും കടൽകടന്നും ജനപ്രവാഹം തുടരുന്നു; ഓൾ റോഡ്സ് ടു വത്തിക്കാൻ.!
പൊതുദർശനം ആരംഭിച്ച ബുധനാഴ്ച ആദ്യത്തെ 8 മണിക്കൂറിൽ പാപ്പയെ കണ്ടത് 20,000 പേരാണെന്നു വത്തിക്കാൻ വെളിപ്പെടുത്തി. മക്കളെ കൂട്ടിയെത്തുന്ന മാതാപിതാക്കളും മാർപാപ്പ സന്ദർശിച്ച രാജ്യങ്ങളിൽനിന്ന് ഓർമകളുമായെത്തുന്നവരുമൊക്കെയാണ് ചത്വരം നിറയെ. പ്രാർഥനാ നിയോഗങ്ങളുമായി എത്തുന്നവരുമുണ്ട്. പാപ്പയുടെ മുഖം അവസാനമായി മൊബൈലിൽ പകർത്തിയാണു പലരും മടങ്ങുന്നത്. കണ്ടുമടങ്ങുമ്പോൾ ചിലർ വിതുമ്പുന്നു, ചിലർ നല്ല ഓർമകൾ പങ്കുവയ്ക്കുന്നു.
ബസിലിക്ക വൃത്തിയാക്കാനായി ഇന്നലെ രാവിലെ 6 മുതൽ 7 വരെ മാത്രമാണു ദർശനം നിർത്തിവച്ചത്. വത്തിക്കാൻ സമയം ഇന്നു വൈകിട്ട് 7 വരെയാണ് (ഇന്ത്യൻ സമയം 10.30) പൊതുദർശനം അനുവദിച്ചിരിക്കുന്നത്. 3 ദിവസംകൊണ്ടു ലക്ഷക്കണക്കിനാളുകളെത്തുമെന്നാണു കണക്ക്. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന സംസ്കാര കുർബാനയിൽ ലോകനേതാക്കളും പങ്കെടുക്കും. തുടർന്നു സെന്റ് മേരി മേജർ ബസിലിക്കയിൽ സംസ്കരിക്കും.
നാളെ ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം
ന്യൂഡൽഹി ∙ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം പ്രമാണിച്ച് നാളെ ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ദേശീയ പതാക പാതി താഴ്ത്തിക്കെട്ടണം. ഔദ്യോഗിക പരിപാടികൾ ഒഴിവാക്കും.