
തിരുവനന്തപുരം: നഗരത്തിലെ മാലിന്യവാഹിയായ ആമയിഴഞ്ചാൻ തോട്ടിൽ വീണ് മധ്യവയസ്കന് പരിക്ക്. ഇന്നലെ ഉച്ചയോടെ പവർഹൗസ് റോഡിന് സമീപമുള്ള ഭാഗത്ത് ഒരാൾ വീണ് കിടക്കുന്ന നിലയിൽ സമീപത്തെ കടക്കാരാണ് കണ്ടത്. ചെളി നിറഞ്ഞ ഭാഗത്ത് അബോധാവസ്ഥയിലായിരുന്നു ഇയാളെന്നതിനാൽ മറ്റുവഴിയില്ലാതെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഫയർഫോഴ്സ് യൂണിറ്റിനെ വിളിച്ചുവരുത്തിയാണ് ഇയാളെ കരയ്ക്കെത്തിച്ചത്. കൊട്ടാരക്കര സ്വദേശിയായ ബിജു ആണ് തോട്ടിൽ വീണത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും മാനസിക പ്രശ്നമുള്ളയാളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുധീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ കയർ ഉപയോഗിച്ച് തോട്ടിൽ ഇറങ്ങിയാണ് ഇയാളെ പുറത്തെടുത്തത്. ശരീരത്തിൽ പലയിടത്തും പരിക്കുകളുണ്ടായിരുന്നതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മനപ്പൂർവം ചാടിയാതാവാനും സാധ്യതയുണ്ടെന്നും സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ആമയിഴഞ്ചാൻ തോട്ടിൽ വീണ് ശുചീകരണത്തൊഴിലാളി മരിച്ചത്. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ കാര്യമായ വെള്ളമില്ലാത്ത ഭാഗത്താണ് ബിജു വീണതെന്നതിനാൽ വേഗം രക്ഷാപ്രവർത്തനം നടന്നെന്ന് ഫയർഫോഴ്സ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]