
.news-body p a {width: auto;float: none;}
വർക്കല: ഭക്ഷണസാധനങ്ങൾക്ക് വർക്കലയിലെ ഹോട്ടലുകളിൽ തോന്നിയപോലെ പണം ഈടാക്കുന്നതായി പരാതി. ചായയ്ക്കും പൊറോട്ടയ്ക്കും ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾക്ക് നിലവിലുള്ള സ്ഥിരംവിലകളിൽ നിന്നും വർദ്ധന വരുത്തി ഹോട്ടലുകൾ നിശ്ചയിക്കുന്ന വില വാങ്ങുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 10 രൂപയായിരുന്ന ചായയ്ക്ക് പലയിടങ്ങളിലും 12രൂപയും 15രൂപയുമായി. പരിപ്പുവട, ഉഴുന്നുവട, സമൂസ, വാഴയ്ക്കപ്പം തുടങ്ങിയ ചെറുകടികൾക്കും വില വർദ്ധിച്ചിട്ടുണ്ട്.
പച്ചക്കറിക്കും മറ്റ് അവശ്യസാധനങ്ങൾക്കും വില കൂടിയത് മൂലമുള്ള സ്വാഭാവിക വിലവർദ്ധനയാണിതെന്നാണ് ഒട്ടുമിക്ക വ്യാപാരികളും പറയുന്നത്. എന്നാൽ ഭക്ഷണശാലകൾ ഇത്തരത്തിൽ അമിതവില ഈടാക്കുന്നത് ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയില്ലെന്ന് വിവിധ സംഘടനകൾ പ്രതികരിക്കുന്നു. ജി.എസ്.ടി ഈടാക്കുന്ന ഹോട്ടലുകളിലാണ് വിലവർദ്ധനയെന്നും ചെറിയ ഭക്ഷണശാലകളിൽ നിരക്ക് വർദ്ധനയില്ലെന്നും നാട്ടുകാർ പറയുന്നു. അമിതവില ഈടാക്കുന്നത് തടയാൻ നടപടികൾ ഉണ്ടാകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ഒരേ ഇനത്തിന് പലവില
അടുത്തടുത്തുള്ള ഭക്ഷണശാലകളിൽ ഒരേയിനം ഭക്ഷണത്തിന് പലവില ഈടാക്കുന്നത് തികച്ചും ഏകപക്ഷീയ നിലപാടാണെന്നും മിക്ക ഹോട്ടലുകളിലും പാക്കിംഗ് ചാർജ് പ്രത്യേകം ഈടാക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഭക്ഷണസാധനങ്ങൾ പാഴ്സൽ നല്കുമ്പോൾ ഇത്തരത്തിൽ അമിതമായി പണം ഈടാക്കുന്നത് ഒഴിവാക്കണമെന്നും നാട്ടുകാർ പറയുന്നു.
ജി.എസ്.ടിയും പാർക്കിംഗ് ചാർജ്ജും ഒന്നും ബാധകമല്ലാത്ത തെരുവോര തട്ടുകടകളിൽ കച്ചവടം വർദ്ധിക്കുന്നതിനും മുന്തിയ ഭക്ഷണശാലകളിലെ വിലവർദ്ധന കാരണമാണ്. ഉത്സവ സീസണുകൾ പ്രമാണിച്ച് അമിതവില ഈടാക്കുന്ന ഭക്ഷണശാലകളുമുണ്ട്. ലീഗൽ മെട്രോളജിയുടെയും സർക്കാരിന്റെയും ഇടപെടൽ ഇക്കാര്യത്തിലുണ്ടാവണം.
നിയന്ത്രണമില്ലാതെ ഓൺലൈൻ വില്പന
സമൂഹമാദ്ധ്യമങ്ങൾ മുഖേന ഓൺലൈൻ ഭക്ഷണവില്പന വ്യാപകമാകുന്ന പ്രവണതയും രൂപപ്പെട്ടിട്ടുണ്ട്. കച്ചവട താത്പര്യങ്ങൾ മുൻനിറുത്തി ആരംഭിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഭക്ഷണവസ്തുക്കളുടെ വിലയും കോംബോ ഓഫറുകളും വിവരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രചരിക്കുന്നു. ഇതിൽ നല്കിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഭക്ഷണം പാഴ്സലായി വീടുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആകർഷകമായ പേരുകൾ നല്കിക്കൊണ്ടുള്ള ഇത്തരം പുത്തൻ ട്രെൻഡുകൾക്കും ആവശ്യക്കാരേറുന്നു. എന്നാൽ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉൾപ്പെടെ ഇത്തരം സംരംഭങ്ങളിൽ പരിശോധിക്കപ്പെടുന്നില്ല. ആരോഗ്യവകുപ്പിന് യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.