
സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം ആളുകളും കാണാൻ ആഗ്രഹിക്കുന്നതാണ് കുക്കിംഗ് വീഡിയോ. ചായ എങ്ങനെ ഉണ്ടാക്കാമെന്ന് തുടങ്ങി മന്തിയും ബിരിയാണിയുമൊക്കെ പാകം ചെയ്യുന്ന വീഡിയോയടക്കം യൂട്യൂബിൽ ഉണ്ട്.
സാധാരണ നമ്മൾ കാണുന്ന കുക്കിംഗ് വീഡിയോകളിൽ നിന്ന് തികച്ചു വ്യത്യസ്തമാണ് അഞ്ജിത രാഹുലിന്റേത്. എന്താണ് ഇത്ര പ്രത്യേകത എന്നല്ലേ? ഭൂരിഭാഗം മലയാളികൾക്കും ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത മത്തി സാമ്പാറും, വാഴയില ഹൽവയും, തെങ്ങിന്റെ ഓലകൊണ്ടുള്ള പാലഹാരവും, സവാള പായസവും അടക്കമുള്ള വിഭവങ്ങളാണ് അഞ്ജിത തയ്യാറാക്കുന്നത്.
വെറൈറ്റി വിഭവങ്ങളിലൂടെ വളരെപ്പെട്ടെന്ന് തന്നെ അഞ്ജിത സോഷ്യൽ മീഡിയയിലെ വൈറൽ താരമാകുകയും ചെയ്തു. എല്ലാത്തിനും പിന്തുണയായി കുടുംബവും കൂടെയുണ്ട്. വെറൈറ്റി വിഭവങ്ങളെപ്പറ്റി കേരള കൗമുദി ഓൺലൈനിനോട് അഞ്ജിത സംസാരിക്കുന്നു.
വെറൈറ്റി റെസിപ്പിക്ക് പിന്നിൽ
വൈറലായ മത്തി സാമ്പാറും സവാള പായസവും അടക്കമുള്ള വെറൈറ്റി റെസിപ്പിക്ക് പിന്നിൽ ഭർത്താവ് രാഹുലാണ്. അദ്ദേഹം കഴിഞ്ഞ പതിനൊന്നുവർഷമായി ഷാർജയിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ്. എല്ലാ റെസിപ്പികളും വീഡിയോയുടെ കണ്ടന്റുകളുമെല്ലാം ഏട്ടനാണ് പറഞ്ഞുതരുന്നത്.
View this post on Instagram
നേപ്പാളികളും പാകിസ്ഥാനികളുമൊക്കെയാണ് ഏട്ടനൊപ്പം വർക്ക് ചെയ്യുന്നത്. മത്തി സാമ്പാർ എന്ന ഐഡിയ വന്നത് ഇവരുടെയടുത്തുനിന്നാണ്. ഒരിക്കൽ കൂടെയുണ്ടായിരുന്ന നേപ്പാളി സുഹൃത്ത് പച്ചക്കറികളൊക്കെയിട്ട് മീൻകറി വച്ചു. ഏട്ടനത് ഭയങ്കര ക്യൂരിയോസിറ്റിയായി. ടേസ്റ്റ് ചെയ്തുനോക്കിയപ്പോൾ വെറൈറ്റിയായി തോന്നി. അങ്ങനെ ഏട്ടൻ ഇത് എന്നോട് പറഞ്ഞു. മത്തി സാമ്പാർ എന്ന് കേട്ടപ്പോൾ വീട്ടിൽ എല്ലാവർക്കും ആദ്യം ഒരു അതിശയമായി തോന്നി. അങ്ങനെ ഞങ്ങൾ ആ റെസിപ്പി ചെയ്തു.
സവാള പായസമാണ് പിന്നെ വൈറലായത്. എല്ലാവർക്കും സവാള ഇഷ്ടമാണ്. അതിന്റെ മണം ആണ് പലർക്കും ഇഷ്ടപ്പെടാത്തത്. സവാളയുടെ മണം മാറാൻ കുറേതവണ ബോയിൽ ചെയ്തു. പിന്നെയാണ് പായസമാക്കിയത്. കഴിക്കുമ്പോൾ സവാള പായസമാണെന്ന് ആരും പറയില്ല.നല്ല ടേസ്റ്റ് ആണ്.
വിമർശകരോട്
എന്ത് കാര്യം ചെയ്താലും നെഗറ്റീവായി കാണുന്നവരുണ്ടല്ലോ. നമ്മളെ മനസിലാക്കുന്നവരുമുണ്ട്. വിമർശനങ്ങൾ മൈൻഡ് ചെയ്യാറില്ല. ചാനൽ തുടങ്ങിയ സമയത്ത് തന്നെ നെഗറ്റീവ് കമന്റുകൾ വരുമെന്നും അതൊന്നും കാര്യമായി എടുക്കരുതെന്ന് ഏട്ടൻ പറഞ്ഞിരുന്നു. കുടുംബത്തിന്റെ മുഴുവൻ പിന്തുണ ഞങ്ങൾക്കുണ്ട്. എല്ലാ കമന്റുകളും നോക്കാറുണ്ട്. ഏട്ടന്റെ അച്ഛൻ, അമ്മ, ഏട്ടന്റെ ചേച്ചി, ഭർത്താവ്, മകൻ ഇത്രയും പേരാണ് വീട്ടിലുള്ളത്.
വീഡിയോയ്ക്ക് വേണ്ടി മാത്രമല്ല, ഞങ്ങൾ കഴിക്കാറുണ്ട്
തണ്ണിമത്തൻ തോട് പക്കാവടയും പച്ചമുളക് തോരനും ചെമ്പരത്തിപ്പൂവ് രസവുമെല്ലാം വീഡിയോയ്ക്ക് വേണ്ടി മാത്രമല്ല. അവയെല്ലാം ഞങ്ങൾ കഴിക്കാറുണ്ട്. കഴിച്ചതിന്റെ ലൈവ് റിപ്പോർട്ട് തന്നെയാണ് ഞങ്ങൾ കാണിക്കുന്നത്. വീഡിയോ ചെയ്യുന്ന കുറേപ്പേരുണ്ട്. എന്നാൽ എല്ലാവരും അത് കഴിക്കുന്നത് കാണിക്കാറില്ല. ഞങ്ങൾ അതും കാണിക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യൂട്യൂബ് വരുമാനം
യൂട്യൂബ് വരുമാനം കിട്ടുന്നുണ്ട്. റെഗുലറായിട്ട് വരുമാനമില്ല.വീഡിയോ ചെയ്യുന്നതും റീച്ചും അനുസരിച്ചാണ് വരുമാനം. തിരക്കുള്ള സമയത്ത് വീഡിയോ ചെയ്യാൻ പറ്റാറില്ല.ചിലപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ വീഡിയോ ചെയ്യാൻ പറ്റുകയുള്ളൂ. സമയമുള്ളപ്പോൾ തുടർച്ചയായി വീഡിയോ ചെയ്യും. അതിനനുസരിച്ച് പൈസ കിട്ടും.
വൈറൽ ലൗ സ്റ്റോറി
ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയി വന്നതായിരുന്നു. ഞാൻ പത്തനംതിട്ടയും ഏട്ടൻ ആലപ്പുഴയിലുമാണ്. അതിന്റെ പേരിൽ കല്യാണം വേണ്ടെന്ന രീതിയിലായി. പക്ഷേ ഞങ്ങളുടെയിടയിൽ സ്നേഹബന്ധം ഉടലെടുത്തിരുന്നു. ഞങ്ങൾ വിവാഹിതാരാകാൻ തീരുമാനിച്ചു. ഏട്ടന്റെ വീട്ടിൽ ഫുൾ സപ്പോർട്ടായിരുന്നു. കല്യാണത്തിന്റെ അന്നാണ് ഞങ്ങൾ നേരിട്ട് കാണുന്നത്. ഏട്ടന്റെ വീട്ടുകാർ തന്നെയാണ് വിവാഹാലോചനയുമായി വന്നത്. അവർ തന്നെയാണ് എന്നെപ്പറ്റി ഏട്ടനോട് പറഞ്ഞത്.
ഹോബി കുക്കിംഗ്
പ്രധാനപ്പെട്ട ഹോബി കുക്കിംഗാണ്.കുട്ടിക്കാലം തൊട്ടേ പാചകം ചെയ്യാൻ ഇഷ്ടമായിരുന്നു. വിവാഹത്തിന് മുമ്പ് നോർമൽ ഫുഡ് ആയിരുന്നു തയ്യാറാക്കിയിരുന്നത്. ഏട്ടന്റെ ലൈഫിലോട്ട് വന്നതോടെ വെറൈറ്റി ഫുഡ് ചെയ്യാൻ തുടങ്ങി. കുക്കിംഗ് അല്ലാതെ ചെറിയ ക്രാഫ്റ്റ് വർക്ക് ചെയ്യും. ചെറിയ രീതിയിൽ പടം വരയ്ക്കും. ഞാൻ എംബിഎ കഴിഞ്ഞതാണ്. കുറച്ചുനാൾ ജോലി ചെയ്തു. ഇപ്പോൾ പി എസ് സിയും ട്രൈ ചെയ്തുനോക്കുകയാണ്.