
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ദ്യക്സാക്ഷികളില്ലാത്ത കേസാണെന്നും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഹർജിയിൽ പറയുന്നു. പ്രതിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം വേണം. ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറെന്നും പ്രതിഭാഗം കോടതിയെ അറിയച്ചു. അതേസമയം ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.
2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ ചെന്താമര ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ഇക്കഴിഞ്ഞ ജനുവരി 27 ന് സജിതയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്. റിമാൻ്റിൽ കഴിയുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആദ്യം പ്രതി കോടതിയിൽ ഇരട്ടക്കൊല ചെയ്തത് താനാണെന്ന് വ്യക്തമാക്കിയിരുന്നു. ‘രക്ഷപ്പെടണമെന്നില്ല. ചെയ്തത് തെറ്റ് തന്നെയാണ്. തനിക്ക് ശിക്ഷ ലഭിക്കണം. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നൽകുന്നത്’ – ഇതായിരുന്നു കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ തുടങ്ങിയ സമയത്തെ ചെന്താമരയുടെ നിലപാട്.
കുറ്റം സമ്മതിച്ചാലുള്ള ഭവിഷ്യത്തിനെ കുറിച്ച് അറിയാമോയെന്നും വക്കീലുമായി സംസാരിക്കണോയെന്നും കോടതി ചോദിച്ചു. ജഡ്ജി എസ് ശിവദാസ് സമയം അനുവദിച്ചു. 10 മിനുറ്റിന് ശേഷം കോടതി വീണ്ടും ചേ൪ന്നു. കുറ്റം സമ്മതിക്കാൻ തയാറുണ്ടോയെന്ന് വീണ്ടും ചോദിച്ചു. തയാറല്ലെന്നാണ് ചെന്താമര മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]