
പുതുതായി നടപ്പാക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ വ്യവസ്ഥകൾ അടങ്ങിയ സർക്കുലർ കഴിഞ്ഞ ദിവസമാണ് കേരള മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയത്. എന്നാൽ ഇവയിലെ ഉത്തരവുകൾ പലതും കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾക്ക് കടക വിരുദ്ധമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. മെയ് ഒന്നുമുതൽ ഡ്രെവിംഗ് ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് പുതിയ സർക്കുലർ പറയുന്നത്. കാറുകൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റിന് ഗിയർവാഹനങ്ങൾ നിർബന്ധമാണെന്നും സർക്കുലർ പറയുന്നു.
എന്നാൽ രാജ്യത്തെ ഡ്രൈവിംഗ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടം 15-ൽ പറയുന്നത് അനുസരിച്ച് വാഹനത്തിന്റെ വേഗമനുസരിച്ച് ഗിയർ മാറ്റണമെന്ന് മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകൾ. അതായത് ഗിയറിന്റെ സ്ഥാനം പ്രസക്തമല്ല. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ക്രമീകരിക്കുന്നത്. ഇത് പരിശോധിച്ചശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ വാഹനങ്ങൾക്ക് അനുമതിനൽകുന്നത്. അതായത് ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ല എന്ന് വ്യക്തം.
മാത്രമല്ല വേഗത്തിന് അനുസരിച്ച് ഗിയർമാറ്റണമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെങ്കിലും രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാൻസ്മിഷൻ അഥവാ ഗിയർ സംവിധാനം , ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം സംസ്ഥാനസർക്കാരിന് ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം കത്തും നൽകിയിരുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. ടെസ്റ്റിലെ പരിഷ്കാരങ്ങളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നും കോടതിൽ ചോദ്യം ചെയ്യപ്പെട്ടാൽ റദ്ദാക്കാൻ സാധ്യതയുള്ള വ്യവസ്ഥകളാണ് ഇതെ്നനും നിയമവിദഗ്ധർ പറയുന്നാതായും റിപ്പോര്‍ട്ടുകൾ ഉണ്ട്.
ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ല
എന്നാൽ ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു. റോഡ് സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സംബന്ധിച്ചു പുറപ്പെടുവിച്ച 4/2024 -ാം നമ്പർ സർക്കുലറിലെ നിർദേശങ്ങളിൽ ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ (Motor Cycle without gear) ടെസ്റ്റിൽ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെറ്റിദ്ധാരണകൾ പൊതുജനങ്ങളിൽ നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതു സംബന്ധിച്ചു വിശദീകരണം നൽകുന്നതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
ആശയക്കുഴപ്പം
അതേസമയം പുതിയ പദ്ധതി നടപ്പാക്കുന്നതിലും സർവ്വത്ര ആശയക്കുഴപ്പമുണ്ട്. ടെസ്റ്റിങ് ട്രാക്കുകൾ നിർമിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങളൊന്നും സർക്കുലറിലില്ല. ഡ്രൈവിംഗ് സ്കൂളുകൾ ഇവ ഒരുക്കണമെന്ന നിർദേശമാണ് മന്ത്രി ഗണേഷ് കുമാർ മുന്നോട്ടുവെച്ചത്. ടെസ്റ്റിന് മാത്രം 300 രൂപ ഫീസ് വാങ്ങുന്നുണ്ടെങ്കിലും പുറമ്പോക്കിലും ഡ്രൈവിംഗ് സ്കൂളുകാർ വാടകയ്ക്കെടുത്ത സ്ഥലങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ യോഗം എംവിഡി വിളിച്ചിരുന്നു. പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചിലര്‍ സമ്മതിച്ചില്ല. നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പറയുന്നത്. സംസ്ഥാനത്ത് 86 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പത്തെണ്ണമേ മോട്ടോര്‍വാഹന വകുപ്പിന്റേതായുള്ളൂ. മറ്റിടങ്ങളില്‍ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. അവിടങ്ങളില്‍ പുതിയസ്ഥലം കണ്ടെത്തേണ്ടി വരുമെന്നും ഉടമകള്‍ പറയുന്നു.
Last Updated Feb 25, 2024, 8:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]