
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങാതിരിക്കാന്‍ ഇന്ത്യ പൊരുതുന്നു. 219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൂടുതല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട്. 53റണ്‍സുമായി ധ്രുവ് ജുറെലും രണ്ട് റണ്ണുമായി ആകാശ് ദീപും ക്രീസില്‍. രണ്ട് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് 100ല്‍ താഴെ എത്തിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്.
മൂന്നാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന കുല്‍ദീപ് യാദവും ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. വിക്കറ്റ് വീഴ്ത്താനായി ഇംഗ്ലണ്ട് ന്യൂബോളെടുത്തെങ്കിലും ഇരുവരും സിംഗിളുകളെടുത്ത് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇന്ത്യന്‍ സ്കോര്‍ 250 കടന്നതിന് പിന്നാലെ കട്ട പ്രതിരോധവുമായി പിടിച്ചു നിന്ന കുല്‍ദീപ് ആന്‍ഡേഴ്സന്റെ പന്തില്‍ നിര്‍ഭാഗ്യകരമായി പുറത്തായി. ആന്‍ഡേഴ്സന്റെ പന്ത് പ്രതിരോധിച്ച കുല്‍ദീപിന്റെ ബാറ്റില്‍ കൊണ്ട പന്ച് ഉരുണ്ട് നീങ്ങി സ്റ്റംപില്‍ കൊള്ളുകയായിരുന്നു. എട്ടാം വിക്കറ്റില്‍ ധ്രൂവ് ജുറെലിനൊപ്പം 76 റണ്‍സിന്റെ വിലയേറിയ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷമാണ് കുല്‍ദീപ് പുറത്തായത്. 131 പന്തുകള്‍ നേരിട്ടാണ് കുല്‍ദീപ് 28 റണ്‍സടിച്ചത്.
മറുവശത്ത് മോശം പന്തുകള്‍ മാത്രം പ്രഹരിച്ച് ധ്രുവ് ജുറെല്‍ ഒരറ്റം കാത്തതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. 96 പന്തിലാണ് ധ്രുവ് ജുറെല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അര്‍ധസെഞ്ചുറി തികച്ചത്. രണ്ടാം ദിനം ഇംഗ്ലണ്ടിനെ 353 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. യശസ്വി ജയ്സ്വാള്‍ (73) ഒഴികെയുള്ള ബാറ്ററ്മാരെല്ലാം ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (2) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്‍ (38) നന്നായി തുടങ്ങി. ജയ്സ്വാളിനൊപ്പം 84 റണ്‍സ് കൂട്ടിചേര്‍ക്കാനുമായി.
എന്നാല്‍ ബഷീറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി താരം. രജത് പാടിദാറിന്റേയും (17) അവസ്ഥ ഇതുതന്നെയായിരുന്നു. രവീന്ദ്ര ജഡേജയാവട്ടെ ബഷീറിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഒല്ലി പോപ്പിന് ക്യാച്ച് നല്കി. സര്‍ഫറാസ് ഖാനെ (14), ടോം ഹാര്‍ട്ലി സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. അശ്വിന് (1) ഹാര്ട്ലിയുടെ നന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. നേരത്തെ ജോ റൂട്ടിന്റെ (പുറത്താവാതെ 122) സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
Last Updated Feb 25, 2024, 10:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]