തിരുവനന്തപുരം: കഞ്ചാവ് കടത്തിയ കേസിൽ നാടുവിട്ട പ്രതിയെ ഡൽഹിയിൽ നിന്നും പിടികൂടി കൊല്ലം എക്സൈസ് സംഘം. 19 കിലോഗ്രാം കഞ്ചാവ് വിൽപനയ്ക്കായി ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ രാഹുൽ കൃഷ്ണയെയാണ് 10 ദിവസത്തോളം നീണ്ട അന്വേഷണത്തിൽ എക്സൈസ് സംഘം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ പിടിക്കപ്പെടാതിരിക്കാൻ നാടുവിട്ട് ഗൾഫിൽ എത്തിയ പ്രതി രണ്ടുവർഷമായി ഗൾഫിൽ ജോലിചെയ്ത് വരികയായിരുന്നു. തുടർന്ന് പ്രതി ഡൽഹിയിൽ എത്തുന്നു എന്ന വിവരം ലഭിച്ച എക്സൈസ് സംഘം ഡൽഹിയിൽ എത്തി എമിഗ്രേഷൻ വകുപ്പിന്റെയും ഡൽഹി പൊലീസിന്റെയും സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ ഷിജു, കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ് എന്നിവർ അടങ്ങിയ മൂന്നംഗസംഘമാണ് ഡൽഹിയിൽ ദിവസങ്ങളോളം തങ്ങി പ്രതിയെ പിടികൂടിയത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. രാഹുൽ കൃഷ്ണയും മറ്റ് അഞ്ചുപേരും ചേർന്ന് ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊല്ലത്ത് എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരിശോധന നടക്കുന്നത് കണ്ട് കഞ്ചാവ് നിറച്ച ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എന്നാൽ ഉപേക്ഷിച്ച ബാഗിൽ നിന്നും ലഭിച്ച സിം കാർഡുകൾ നിർണായക തെളിവായി. അന്നത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷ് നടത്തിയ കുറ്റമറ്റ അന്വേഷണമാണ് ആറ് പ്രതികളിലേക്ക് എത്തിയത്.
തുടർന്ന് അന്വേഷണ സംഘത്തിന്റെ നിരന്തര പരിശ്രമത്തിൽ നാല് പ്രതികളെ പിടികൂടിയിരുന്നു. ഇനി പിടികൂടാൻ ഉള്ള രണ്ട് പ്രതികളിൽ ഒരാളാണ് ഇപ്പോൾ പിടിയിലായ രാഹുൽ കൃഷ്ണ. ഇരുവർക്കുമായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]