ഹണി റോസുമായുള്ള കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ച് ബോബി ചെമ്മണ്ണൂർ. ജയിലിലെ ഭക്ഷണത്തെ കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോഴായിരുന്നു ബോബിയുടെ പ്രതികരണം. വളരെ നല്ല ഭക്ഷണമായിരുന്നു ജയിലിലേതെന്നും ബോബി പറഞ്ഞു. ഒരുദിവസം മട്ടൺ, മറ്റൊരു ദിവസം ഫിഷ് കറി, കപ്പ, പച്ചക്കറി അങ്ങനെ വളരെ നല്ല ഭക്ഷണമായിരുന്നു. എന്നാൽ ജയിലിൽ ഫ്രൂട്ട്സ് ഇല്ലായിരുന്നു എന്ന പരിഭവവും അദ്ദേഹം പങ്കുവച്ചു.
ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നൽകിയതിന് ജയിൽ ഡി.ഐ.ജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ നേരിട്ടിരുന്നു. ജയിലിന് പുറത്തിറങ്ങിയ ബോബി പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു. മാർക്കറ്റിംഗിനായി പലതും പറയാറുണ്ട്. എന്നാൽ അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല. എങ്കിൽപോലും ആർക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ തന്റെ വാക്കുകൾ കൊണ്ട് വിഷമിച്ചിട്ടുണ്ടെങ്കിൽ അവരോടൊക്കെ മാപ്പ് ചോദിക്കുന്നു എന്നായിരുന്നു ബോബി പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ-
”ആദ്യമായിട്ട് എനിക്ക് മാപ്പ് ആണ് പറയാനുള്ളത്, കാരണം ഈ ഉദ്ഘാടനം നേരത്തെ നിശ്ചയിച്ചിരുന്നു. ആ ഉദ്ഘാടനത്തിന് എത്തിച്ചേരാൻ സാധിച്ചില്ല. അൽപ്പം തിരക്കായിരുന്നു, ജയിലിൽ ആയിരുന്നു. അതുകൊണ്ട് എത്തിപ്പെടാൻ സാധിച്ചില്ല. അതിന് ഉടമസ്ഥനോടും നാട്ടുകാരോടും ക്ഷമ ചോദിക്കുന്നു. പലരും ചോദിക്കുന്നുണ്ട് എന്താണ് കേസ്, എന്താണ് പ്രശ്നം ഉണ്ടായതെന്നൊക്കെ. കേസ് കോടതിയിൽ ആയത് കൊണ്ട് കൂടുതലൊന്നും പറയാൻ സാധിക്കില്ല. എന്റെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു. കോടതിയെ ബഹുമാനിക്കുന്നു.
ഞാൻ എന്റെ ജീവിതത്തിൽ അറിഞ്ഞുകൊണ്ട് ആരെയെങ്കിലും ഉപദ്രവിക്കാനോ വിഷമിപ്പിക്കാനോ സങ്കടപ്പെടുത്താനോ പോകാറില്ല. പറ്റാവുന്ന സഹായമൊക്കെ പറ്റുന്ന സമയത്തൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരോടും വൈരാഗ്യമോ ദേഷ്യമോ ഇല്ല. സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ് എന്റെ മുദ്രാവാക്യം. എന്റെ സംസാരരീതി പൊതുവേ തമാശരൂപേണയാണ്. മാർക്കറ്റിംഗ് ചെയ്യാൻവേണ്ടി പലതും പറയാറുണ്ട്. അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല. എങ്കിൽപോലും ആർക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ എന്റെ വാക്കുകൾ കൊണ്ട് വിഷമിച്ചിട്ടുണ്ടെങ്കിൽ അവരോടൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്ക് യാതൊരുവിധ ഈഗോയോ കോംപ്ലക്സോ ഒന്നുമില്ല.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]