തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ മർദ്ദിച്ച രോഗിക്കെതിരെ കേസെടുത്തു. വർക്കല സ്വദേശി നവാസിനെതിരെയാണ് (57) മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. ഇയാൾ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് ഡോക്ടർ തടഞ്ഞപ്പോഴായിരുന്നു ആക്രമണം. മെഡിക്കൽ കോളേജിലെ മൂന്നാം വർഷ പിജി വിദ്യാർത്ഥിയും വയനാട് കണിയാംപറ്റ സ്വദേശിനിയുമായ ഡോക്ടർ ഇ പി അമലയ്ക്കാണ് (28) മർദ്ദനമേറ്റത്.
രോഗി അമലയുടെ വലത് കരണത്തടിച്ചെന്നാണ് പരാതി. മൂക്കിൽ നിന്ന് രക്തം വന്ന അമലയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബന്ധുക്കൾ നവാസിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കുശേഷം 22-ാം വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു.
എന്നാൽ അവിടെ വച്ച് നവാസ് അക്രമാസക്തനാവുകയും ഡ്രിപ്പും യൂറിൻ ട്യൂബുമെല്ലാം ഊരിയെറിയാൻ ശ്രമിക്കുകയും ചെയ്തു. ഇതു തടയാൻ ഡോക്ടർ ശ്രമിച്ചതോടെയാണ് മർദ്ദിച്ചത്. ഇതോടെ എയ്ഡ് പോസ്റ്റിലെ പൊലീസിന്റെ സഹായത്തോടെ ജീവനക്കാർ ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കി. തുടർന്ന് ആറാം വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]