തിരുവനന്തപുരം: കിഴുവിലം പഞ്ചായത്തിലെ മുടപുരം നെൽപ്പാടത്ത് ഏക്കർ കണക്കിന് നെൽകൃഷി ദേശാടനപ്പക്ഷികൾ നശിപ്പിച്ചതിനാൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പരാതിപ്പെട്ടു. 12 ഹെക്ടറുള്ള പാടശേഖരത്തിപ്പോൾ 11 ഹെക്ടറിൽ കർഷകർ കൃഷിയിറക്കി. കഴിഞ്ഞ തവണ തെറ്റില്ലാത്ത നിലയിൽ വിളവ് ലഭിച്ചതിനാൽ ഇക്കുറി കൃഷി ചെയ്ത കർഷകർക്ക് ദേശാടനപ്പക്ഷികളുടെ ആക്രമണം വൻസാമ്പത്തിക ആഘാതമേൽപ്പിച്ചു.
ഒരുമാസം മുമ്പ് കൃഷിയിറക്കിയ നെല്ല് ഒന്നരമാസം കഴിയുമ്പോൾ മീനമാസത്തിൽ കൊയ്തെടുക്കേണ്ടതാണ്. ഞാറു നട്ട പാടത്തു വന്ന് ഞാറുകൾ കൊത്തിയിളക്കി നെല്ലിൽ നിന്ന് കിളിർത്തുവന്ന മധുരമുള്ള ഭാഗം ഭക്ഷിക്കുകയാണ് ദേശാടനപ്പക്ഷികളെന്ന് കർഷകർ പറഞ്ഞു. സൂര്യൻ അസ്തമിക്കുമ്പോൾ സന്ധ്യയോടെ ദേശാടനപ്പക്ഷികൾ പാടത്തെത്തും. സൂര്യൻ ഉദിച്ചുകഴിഞ്ഞ് വെയിൽ പരക്കുന്നതോടെ പക്ഷികൾ പറന്നുപോകും. നൂറുകണക്കിനു പക്ഷികൾ വെള്ളമുള്ള പാടങ്ങളിലാണ് പറന്നിറങ്ങുന്നത്.
കൃഷിനാശം ഉണ്ടാക്കുന്ന പക്ഷികൾ
താമരക്കോഴി
കാട്ടുതാറാവ്
കല്ലുറാണിപ്പക്ഷി
കർഷകനെ കണ്ടാൽ പറക്കും
ദേശാടനപ്പക്ഷികൾ പാടത്ത് വരുമ്പോൾ കർഷകരെത്തിയാൽ ഉടൻ പറന്നുപോകും. കർഷകൻ നെൽപ്പാടത്തിനരികിൽ നിന്ന് മാറിയാൽ വീണ്ടും പക്ഷികൾ പറന്നിറങ്ങും. 2 ഹെക്ടർ വിസ്തൃതി വരുന്ന ഏഴു വയലുകളിലെ നെൽകൃഷിയാണിവ നശിപ്പിച്ചത്.
സാമ്പത്തിക സഹായം നൽകണം
മുടപുരം നെല്പാടത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഏക്കർ കണക്കിന് നെൽപ്പാടങ്ങൾ പതിറ്റാണ്ടുകൾക്ക് മുൻപ് കൃഷി നഷ്ടമായതിനെ തുടർന്ന് കർഷകർ നിലംനികത്തി തെങ്ങു നടുകയും മറ്റു കരക്കൃഷികൾ ചെയ്യുകയുമുണ്ടായി. എന്നാൽ അവയും നഷ്ടമാണെന്ന കാരണത്താൽ വിളവെടുക്കാതെയും പുരയിടത്തിലൊന്നും ചെയ്യാതെ തരിശിടുകയും ചെയ്തതിനാൽ ഈ പ്രദേശങ്ങളിൽ മരങ്ങളും ചെടികളും വളർന്നുകയറി, ആ പുരയിടങ്ങൾ ചെറുകാടുകളായി മാറി. അതിനാലിപ്പോൾ കാടുപിടിച്ച സ്ഥലങ്ങൾ ദേശാടനപക്ഷികളും മറ്റ് ക്ഷുദ്രജീവികളും താവളമാക്കിയിരിക്കുകയാണ്. ഈ പ്രദേശങ്ങൾ വൃത്തിയാക്കണമെന്നും കർഷകർക്കുണ്ടായ നഷ്ടത്തിന് സാമ്പത്തിക സഹായം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.