തിരുവനന്തപുരം: കേരളത്തിലെ മലയോര മേഖലയിലുളള ജനങ്ങളെ, വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സതീശൻ ആരോപിച്ചു, കോൺഗ്രസിന്റെ മലയോര സമര യാത്രയുടെ ലക്ഷ്യങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
‘വന്യജീവി ആക്രമണങ്ങളെ സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഏഴ് വർത്തിനുളളിൽ 60,000ൽപരം വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ നടന്നു. ആയിരത്തിലധം പേർ മരിച്ചു. 5000ൽ അധികം കന്നുകാലികളെ കൊന്നു. കോടികണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ ഒന്നും ചെയ്യുന്നില്ല. പാവപ്പെട്ടവരെ സർക്കാർ വിധിക്ക് വിട്ടുകൊടുക്കയാണ്. കേന്ദ്രസർക്കാരിനും ഇതിൽ പങ്കുണ്ട്. സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണിത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാരിന് സാധിക്കില്ല. മലയോര മേഖലകളിൽ നടത്തുന്ന യാത്രയിൽ കോൺഗ്രസിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അത് നടപ്പിലാക്കും’- വിഡി സതീശൻ വ്യക്തമാക്കി.
അതേസമയം, വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് കണ്ണൂർ കരുവൻചാലിൽ തുടക്കമാവും. വൈകുന്നേരം നാല് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയാണ് യാത്രയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ നിന്നും മലയോര ജനതയെ രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം, ബഫർസോണ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക എന്നിവയാണ് യുഡിഎഫിന്റെ ആവശ്യങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]