
ബാഗ്ദാദ്: ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ നിയമം പാസാക്കി ഇറാക്ക് പാർലമെന്റ്. 1959 ലെ ‘വ്യക്തിഗത സ്ഥിതി നിയമ”ത്തിലെ ഭേദഗതിക്കാണ് പാർലമെന്റ് അംഗീകാരം നൽകിയത്. ഇതുപ്രകാരം വിവാഹം, അനന്തരാവകാശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കുടുംബ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മത സംവിധാനത്തെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് തിരഞ്ഞെടുക്കാം.
അതായത്, കുടുംബകാര്യങ്ങളിൽ മത കോടതിയ്ക്കുള്ള അധികാര പരിധി കൂടും. ഭേദഗതി 1959ലെ വ്യക്തിഗത നിയമത്തിൽ സ്ത്രീകൾക്ക് നൽകിയിട്ടുള്ള അവകാശങ്ങളെ തുരങ്കം വയ്ക്കുന്നതാണെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി. ഇറാക്കി നിയമ പ്രകാരം 18 വയസാണ് വിവാഹ പ്രായം. എന്നാൽ ഭേദഗതി വന്നതോടെ ഇക്കാര്യത്തിൽ മത പുരോഹിതൻമാർക്കും തീരുമാനമെടുക്കാം.
ഇതോടെ ഷിയാ വിഭാഗങ്ങൾക്കിടെയിൽ 9 വയസിൽ തന്നെ പെൺകുട്ടികളുടെ വിവാഹം നടന്നേക്കുമെന്നാണ് വിലയിരുത്തൽ. പകുതിയോളം പാർലമെന്റ് അംഗങ്ങൾ വോട്ടിൽ നിന്ന് വിട്ടുനിന്നിട്ടും നിയമം പാസാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നിയമത്തിനെതിരെ വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇറാക്കിൽ 28 ശതമാനത്തോളം പെൺകുട്ടികൾ 18 വയസിന് മുൻപേ വിവാഹിതരാകുന്നെന്നാണ് യു.എൻ പഠനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]