കറാച്ചി: സിംഹക്കുട്ടിയെ അനധികൃതമായി കൈവശം വച്ച യൂട്യൂബറോട് മൃഗക്ഷേമവുമായി ബന്ധപ്പെട്ട 12 വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കാൻ ഉത്തരവിട്ട് കോടതി. പാകിസ്ഥാനിലാണ് സംഭവം. രജബ് ഭട്ട് എന്നയാൾക്കാണ് വ്യത്യസ്ത ശിക്ഷ. കഴിഞ്ഞ മാസം വിവാഹത്തിനിടെ മറ്റൊരു യൂട്യൂബർ രജബിന് സിംഹക്കുട്ടിയെ സമ്മാനിക്കുകയായിരുന്നു. 56 ലക്ഷം സബ്സ്ക്രൈബേഴ്സാണ് രജബിനുള്ളത്. മാസം ഒന്ന് എന്ന നിരക്കിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള 12 വീഡിയോകൾ നിർമ്മിക്കാനാണ് നിർദ്ദേശം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട അറിവുകൾ അടങ്ങിയ ഉള്ളടക്കമാണ് വേണ്ടത്. ‘ഭട്ടി ” എന്ന് പേരിട്ട സിംഹക്കുട്ടിയെ അധികൃതർ ലാഹോർ സഫാരി മൃഗശാലയിലേക്ക് മാറ്റി. താൻ സിംഹക്കുട്ടിയെ സ്വീകരിക്കാൻ പാടില്ലായിരുന്നെന്നും നിയമവിരുദ്ധമായി കൈവശം വച്ചത് തെറ്റാണെന്നും രജബ് പ്രതികരിച്ചു.