ഇടുക്കി: കട്ടപ്പന നഗരസഭയിൽ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നാല് വിമത സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. നഗരസഭയിലെ 6, 24, 31, 33 എന്നീ വാർഡുകളിലാണ് പ്രമുഖ നേതാക്കൾക്കെതിരെ വിമതർ മത്സരിക്കുന്നത്.
പത്തോളം വാർഡുകളിൽ വിമതർ മത്സരിക്കാൻ ഒരുങ്ങിയിരുന്നെങ്കിലും, നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ചർച്ചകളെ തുടർന്ന് ആറുപേർ പത്രിക പിൻവലിക്കുകയായിരുന്നു. ആറാം വാർഡിൽ മുൻ നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെതിരെ മണ്ഡലം ജനറൽ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനാണ് വിമത സ്ഥാനാർത്ഥി.
24-ാം വാർഡിൽ മുൻ വൈസ് ചെയർമാൻ കെ.ജെ. ബെന്നിക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജുവും, 33-ാം വാർഡിൽ മുൻ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടത്തിനെതിരെ മുൻ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും രംഗത്തുണ്ട്.
31-ാം വാർഡിൽ യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസിലെ മേഴ്സികുട്ടി ജോസഫിനെതിരെ മുൻ നഗരസഭാ ചെയർപേഴ്സൺ കൂടിയായ ബീന ജോബിയും മത്സരിക്കുന്നുണ്ട്. ഇതിനുപുറമെ, കട്ടപ്പന ടൗൺ വാർഡിൽ കോൺഗ്രസും കേരള കോൺഗ്രസും ഒരേസമയം ഔദ്യോഗിക സ്ഥാനാർത്ഥികളെ നിർത്തിയതും യുഡിഎഫിന് തലവേദനയായിട്ടുണ്ട്.
ജില്ലയിലെ മറ്റ് ചില പഞ്ചായത്തുകളിലും മുന്നണിയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. നെടുങ്കണ്ടം പഞ്ചായത്ത് 16-ാം വാർഡിലും രാജാക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡിലും മുസ്ലിം ലീഗ് പ്രവർത്തകർ സ്വതന്ത്രരായി മത്സരിക്കുന്നു.
കുമളി പഞ്ചായത്തിലെ നൂലാംപാറ വാർഡിൽ സിപിഐയുടെ മുൻ ലോക്കൽ സെക്രട്ടറി സജി വെമ്പള്ളിയും വിമതനായി മത്സരരംഗത്തുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

