കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിൽ. സംസഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇത്തവണ രണ്ടു ഘട്ടങ്ങളിലായി നടക്കും. വിശദാംശങ്ങളിലൂടെ..
∙ കേരള തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ, വോട്ടെണ്ണൽ എന്ന്?
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒന്നാംഘട്ടത്തില്‍ ഡിസംബര്‍ 9നാണ് വോട്ടെടുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11ന് വോട്ടെടുപ്പ് നടക്കും.
13നാണ് വോട്ടെണ്ണല്‍.
∙ എത്ര തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്?
1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.
∙ എന്തുകൊണ്ട് മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് ഇപ്പോൾ തിരഞ്ഞെടുപ്പ് ഇല്ല?
നിലവിലെ മട്ടന്നൂർ സഗരസഭാ കൗൺസിൽ നിർദിഷ്ട
അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയിട്ടില്ല. കാലാവധി പൂർത്തിയായ ശേഷം ഇവിടെ പിന്നീട് തിരഞ്ഞെടുപ്പ് നടക്കും.
∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ആർക്കാെക്കെ മത്സരിക്കാം?
തദ്ദേശ സ്ഥാപനത്തിലേക്ക് മത്സരിക്കുന്നയാൾക്ക് ആ സ്ഥാപനത്തിലെ (പഞ്ചായത്ത് / മുനിസിപ്പാലിറ്റി) ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കണം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. സംവരണ സീറ്റില്‍ മത്സരിക്കുന്നയാള്‍ ആ സംവരണ വിഭാഗത്തില്‍പെട്ട
ആളായിരിക്കണം. അങ്കണവാടി / ബാലവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും പഞ്ചായത്ത് – മുനിസിപ്പാലിറ്റികളിലേക്ക് മത്സരിക്കുന്നതിന് വിലക്കില്ല.
സാക്ഷരത പ്രേരക്മാര്‍ക്ക് പഞ്ചായത്തുകളിലേക്ക് മാത്രം മത്സരിക്കാം. സര്‍ക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സര്‍വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്സണ്മാര്, സമൂഹ നന്മയ്ക്കായി പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും ജോലി ഏറ്റെടുത്തവർക്കും അയോഗ്യതയില്ല.
കേസുകളില്‍ പ്രതിയായതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അയോഗ്യതയില്ല. ഒരാള്‍ക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാര്‍ഡിലേക്കു മാത്രം മത്സരിക്കാം.
ഒന്നില്‍ കൂടുതല്‍ വാര്‍ഡിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചാൽ എല്ലാ പത്രികയും നിരസിക്കും. ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്) മത്സരിക്കാം.
∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുള്ളവർ ആരൊക്കെ?
കേൾവി, സംസാര പരിമിതിയുള്ളവർ.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയിലെയോ അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലെയോ ഉദ്യോഗസ്ഥർ. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കോ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കോ 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികൾ, സഹകരണ സംഘങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥർ.
സംസ്ഥാനത്തെ ബോർഡുകൾ, സര്‍വകലാശാലകൾ എന്നിവയിലെ ഉദ്യോഗസ്ഥർ (പാർട്ട്ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഉൾപ്പെടും). കെഎസ്ആർടിസി ജീവനക്കാർ, എംപാനൽ കണ്ടക്ടർമാർ, ഇലക്ട്രിക്സിറ്റി ബോർഡ് ജീവനക്കാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്കു നിയമിക്കപ്പെടുന്ന താൽക്കാലിക ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ സിഡിഎസ് അക്കൗണ്ടന്റുമാർ.
സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളവർ, ഇവിടങ്ങളിൽ കുടിശികയുള്ളവർ.
സര്‍ക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്ച വരുത്തിയതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റില്‍ ഉൾപ്പെട്ടവർ. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പില്‍ പറയുന്ന ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവർ, സാന്മാർഗിക ദൂഷ്യം ഉള്‍പ്പെട്ട കുറ്റത്തിന് മൂന്നു മാസത്തില്‍ കുറയാതെ തടവുശിക്ഷ വിധിക്കപ്പെട്ടവർ.
അഴിമതിക്കോ കൂറില്ലായ്മയ്ക്കോ പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥർ.
കേരള തദ്ദേശസ്വയംഭരണ സ്ഥാപന (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അന്നേ തീയതി മുതൽ 6 വർഷം കഴിയാതിരിക്കുകയും ചെയ്യുന്നവർ. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നു വിലക്കപ്പെട്ടവർ, സർക്കാർ അഭിഭാഷകർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന അഭിഭാഷകർ.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം തിരഞ്ഞെടുപ്പു ചെലവുകണക്കു സമർപ്പിച്ചിട്ടില്ലാത്തവർ കമ്മിഷൻ അയോഗ്യനാക്കുന്ന തീയതി മുതൽ 5 വർഷം അയോഗ്യരാണ്.
∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥി എത്ര രൂപ കെട്ടിവയ്ക്കണം?
∙ഗ്രാമ പഞ്ചായത്ത് 2,000 രൂപ.
∙ബ്ലോക്ക് പഞ്ചായത്ത്–മുനിസിപ്പാലിറ്റി 4,000 രൂപ.
∙ജില്ലാ പഞ്ചായത്ത്–കോർപറേഷൻ 5,000 രൂപ.
∙പട്ടിക വിഭാഗക്കാർ 50 ശതമാനം തുക അടച്ചാൽ മതി.
∙മൂന്നു സെറ്റ് വരെ പത്രിക നൽകാമെങ്കിലും ജാമ്യ സംഖ്യ ഒരു െസറ്റിനൊപ്പം മതി
∙ എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം?
തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും അനുവർത്തിക്കേണ്ട മാർഗനിർദേശമാണു മാതൃകാ പെരുമാറ്റച്ചട്ടം.
പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോ എന്നു കമ്മിഷൻ ഉറപ്പ് വരുത്തും. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ, കള്ളവോട്ട്, പണം നൽകി വോട്ടർമാരെ സ്വാധീനിക്കൽ ഇതെല്ലാം തടയുന്നതിനു നടപടി സ്വീകരിക്കും.
∙ തിരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂർ നഗരസഭയിൽ പെരുമാറ്റച്ചട്ടം ബാധകമാണോ?
പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
∙
തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റമോ?
ഒരാളെയും സ്ഥലം മാറ്റാൻ പാടില്ല. സ്ഥലംമാറ്റം അനിവാര്യമാണെന്നു തോന്നിയാൽ സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതി വാങ്ങണം.
∙
പെരുമാറ്റച്ചട്ടം നിലനിൽക്കേ സർവകലാശാലയിലെയോ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയോ ബിരുദസമർപ്പണ ചടങ്ങുകളിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കു പങ്കെടുക്കാമോ?
ഗവർണർക്കു മാത്രം പങ്കെടുക്കാം.
∙ പെരുമാറ്റച്ചട്ടം നിലനിൽക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ സർക്കാരിനോ തദ്ദേശഭരണ സ്ഥാപനത്തിനോ ചെയ്യാവുന്നത് എന്തൊക്കെ?
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടാം. പൾസ് പോളിയോ പോലുള്ളവയ്ക്കു ബോധവൽക്കരണ പ്രചാരണം, കോടതി നിർദേശമുണ്ടെങ്കിൽ ആശ്രിത നിയമനം, ഒരു ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥന്റെ അധിക ചുമതല നൽകൽ, ദുരന്തമുണ്ടായാൽ പ്രകൃതിദുരന്ത ഫണ്ടിൽനിന്നു പണം എടുക്കുന്നതും ഉദ്യോഗസ്ഥസംഘത്തെനിയമിക്കുന്നതും, ജീവനക്കാരുടെ വിരമിക്കൽ, ഡപ്യൂട്ടേഷൻ കാരണമുണ്ടായ ഒഴിവുകളിൽ ഡിപിസി യോഗം ചേരൽ, പൊതുസ്ഥാപനങ്ങളുടെ (ജലവിതരണം ഉൾപ്പെടെ) അറ്റകുറ്റപ്പണി, കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തൽ, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനം തുടങ്ങിയവ.
∙ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് ശമ്പളം ഉണ്ടോ?
ശമ്പളം ഇല്ല.
ഓണറേറിയമാണ് ലഭിക്കുക
∙ കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ പരിഷ്കരിച്ച ഓണറേറിയം എത്ര? ജില്ലാ പഞ്ചായത്ത്:
പ്രസിഡന്റ് – 16,800, വൈസ് പ്രസിഡന്റ് – 14,200, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ – 10,400, അംഗങ്ങൾ – 8,600
ഗ്രാമപഞ്ചായത്ത്:
പ്രസിഡന്റ് – 14,200, വൈസ് പ്രസിഡന്റ് – 11,600, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ – 9,200, അംഗങ്ങൾ 8,000
മുനിസിപ്പാലിറ്റി:
ചെയർമാൻ – 15,600, വൈസ് ചെയർമാൻ – 13,000, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ – 9,800, അംഗങ്ങൾ – 8,600
കോർപ്പറേഷൻ:
മേയർ – 15,800, ഡെപ്യൂട്ടി മേയർ – 13,200, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ- 9,400, അംഗങ്ങൾ – 8,200
ഓണറേറിയത്തിന് പുറമെ 200 മുതൽ 1250 രൂപ വരെ ഒരു മാസം യോഗത്തിൽ പങ്കെടുക്കുന്നിതിന് ഹാജർബത്തയും എല്ലാ അംഗങ്ങൾക്കും ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

