ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
പാർലമെന്റിന് സമീപം ഒത്തുകൂടാനാണ് ആഹ്വാനം. തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. മൊബൈൽ ഫോൺ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ വൻ പൊലീസ് സംഘത്തെയും അർദ്ധ സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
പിടിഐയുടെ പ്രതിഷേധം നിയമ വിരുദ്ധമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. പൊതുജീവിതം തടസ്സപ്പെടുത്താതെ ഇസ്ലാമാബാദിലെ ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു.
അതിനിടെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രിയും ഇമ്രാൻ ഖാന്റെ സഹായിയുമായ അലി അമിൻ ഗണ്ഡാപൂർ, ഡി ചൗക്ക് എന്നറിയപ്പെടുന്ന നഗരത്തിന്റെ റെഡ് സോണിന്റെ പ്രവേശന കവാടത്തിന് സമീപം ഒത്തുകൂടാൻ ആഹ്വാനം ചെയ്തു. ഈ റെഡ് സോണിലാണ് പാർലമെന്റ് കെട്ടിടം, പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ, എംബസികൾ, വിദേശ ഓഫീസുകൾ എന്നിവയുള്ളത്. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത് വരെ അവിടെ തുടരാൻ ഇമ്രാൻ ഖാൻ പറഞ്ഞിട്ടുണ്ടെന്ന് അലി അമിൻ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
ഇമ്രാൻ ഖാൻ ഉൾപ്പെടെ ജയിലിലുള്ള എല്ലാ നേതാക്കളെയും മോചിപ്പിക്കുക, ഈ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിനാൽ നിലവിലെ സർക്കാർ രാജിവയ്ക്കുക എന്നിവയാണ് പിടിഐയുടെ പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ജയിലിലാണ് ഖാൻ. അഴിമതി മുതൽ അക്രമത്തിന് പ്രേരിപ്പിച്ചത് വരെ നിരവധി കേസുകൾ നേരിടുന്നു.
വൻ തീപിടിത്തം, ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ, തീയണയ്ക്കാൻ വിമാനങ്ങളും വിന്യസിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]