.news-body p a {width: auto;float: none;}
തിരുവനന്തപുരം: പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി. കൃഷ്ണദാസ് പക്ഷവും, ശോഭാ സുരേന്ദ്രൻ പക്ഷവും നീക്കങ്ങൾ ശക്തമാക്കി. സംസ്ഥാന അദ്ധ്യക്ഷൻ പ്രചാരണത്തിന് നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചാവിഷയമാക്കാനാണ് സുരേന്ദ്രനെ എതിർക്കുന്നവരുടെ പ്രധാന തീരുമാനം. പാർട്ടിയിലെ പല നേതാക്കളും നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഇതിനകം തന്നെ രംഗത്തുവന്നുകഴിഞ്ഞു. പാർട്ടിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്നാണ് മുതിർന്ന നേതാവ് എൻ ശിവരാജൻ പറഞ്ഞത്. നേതൃമാറ്റം വേണമെന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാൽ ശോഭാ സുരേന്ദ്രൻ പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല.
ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. തങ്ങളുടെ കൈയിലുളള പാലക്കാട് നഗരസഭയിൽപ്പോലും വോട്ടിൽ വൻ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. എ പ്ലസ് മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന പാലക്കാട് ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി. പക്ഷേ, തുടക്കം മുതൽ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.
തീപ്പൊരി വനിതാ നേതാവ് ശോഭാ സുരേന്ദന് സ്ഥാനാർത്ഥിത്വം നൽകാത്തതുമുതൽ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. ഒടുവിൽ സന്ദീപ് വാര്യർ പാർട്ടിയോട് ടാറ്റ പറഞ്ഞതോടെ തകർച്ച സമ്പൂർണമായി. കെ സുരേന്ദ്രന്റെ പിഴച്ച നീക്കങ്ങളാണ് ഇതിനെല്ലാം കാരണമെന്നാണ് എതിർ ചേരിയിലുള്ളവർ പറയുന്നത്. മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബിജെപി നേതാവ് എന്‍ ശിവരാജന് നടത്തിയ പ്രസ്താവന ശോഭ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയം ഉറപ്പാണെന്നായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഭിന്നത വ്യക്തമായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികളില്‍ ശോഭ സുരേന്ദ്രന് സജീവമല്ലാതിരുന്നതും ചര്‍ച്ചയായിരുന്നു. ബോർഡ് കത്തിക്കലും മറ്റുമൊക്കെ തകർച്ചയ്ക്ക് വേണ്ട മേമ്പൊടിയായി.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിലെത്തിയതും കെ സുരേന്ദ്രന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന വിമർശനവും ഉയരുന്നുണ്ട്. പാർട്ടിക്ക് സുപ്രധാന തിരഞ്ഞെടുപ്പായിട്ടും സന്ദീപ് വാര്യരെപ്പോലെ ജനസമ്മിതിയുള്ള നേതാവിനെ കൈവിട്ടത് പക്വതയില്ലാത്ത തീരുമാനമായാണ് പലരും വിലയിരുത്തുന്നത്. ഏറെക്കാലം മുൻനിരയിലുണ്ടായിട്ടും പക്വത നേടാൻ സുരേന്ദ്രന് ആയിട്ടില്ലെന്ന വിമർശനവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സുരേന്ദ്രന്റെ നോമിനിയായാണ് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയായത്. പ്രചാരണം നേരിട്ട് നിയന്ത്രിച്ചതും സുരേന്ദ്രൻ തന്നെയായിരുന്നു. ചേലക്കരയിൽ ഒന്നോ രണ്ടോ ദിവസം മാത്രം പോയ അദ്ദേഹം മുഴുവൻ സമയവും കേന്ദ്രീകരിച്ചത് പാലക്കാട് തന്നെയായിരുന്നു. ഒന്നിലധികം വാർത്താസമ്മേളനങ്ങൾ മിക്ക ദിസങ്ങളിലും നടത്തുകയും ചെയ്തു. പക്ഷേ, അതൊന്നും വോട്ടായി മാറിയില്ല. സന്ദീപ് വാര്യരോട് അനുഭാവം പ്രകടിപ്പിച്ച് പാലക്കാട്ടെ കൗൺസിലർമാർ ഉൾപ്പെടെയുളള നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.