കൊല്ലം ജില്ലയിലെ കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ തുടർച്ചയായ അതിക്രമങ്ങൾ നടത്തിയ സംഭവത്തിൽ പ്രതിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നിലവിൽ രണ്ട് പോക്സോ കേസുകളിൽ റിമാൻഡിൽ കഴിയുന്ന മദ്രസാ അധ്യാപകനെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കടയ്ക്കൽ ഊന്നൻകല്ല് സ്വദേശിയായ 62 വയസ്സുള്ള ഇമ്പിച്ചിക്കോയ ആണ് പുതിയ കേസിൽ പ്രതിയായിട്ടുള്ളത്. മദ്രസയിൽ പഠനത്തിനായി എത്തിയ എട്ടും ഒൻപതും വയസ്സുള്ള കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം അഴിച്ചുവിട്ടെന്ന രണ്ട് വ്യത്യസ്ത കേസുകളിലാണ് ഇയാൾ ഇതിനോടകം റിമാൻഡിൽ കഴിഞ്ഞിരുന്നത്.
എന്നാൽ പ്രതി കൂടുതൽ കുട്ടികൾക്ക് നേരെ സമാനമായ അതിക്രമങ്ങൾ നടത്തിയിട്ടുണ്ടാകാമെന്നുള്ള സൂചനയെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളെ ചൈൽഡ് ലൈനിന്റെ സഹായത്തോടെ കൗൺസിലിംഗിന് വിധേയമാക്കുകയുണ്ടായി.
ഈ കൗൺസിലിംഗിനിടയിലാണ് ഏഴ് വയസ്സുള്ള അതിജീവിത തനിക്ക് പ്രതി അശ്ലീല വീഡിയോ കാണിച്ചു തന്നതായി വെളിപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രതിക്കെതിരെ മൂന്നാമതൊരു പോക്സോ കേസ് കൂടി ചുമത്തിയത്.
ആദ്യ രണ്ട് കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന പ്രതിയെ ജയിലിലെത്തിയാണ് പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഔദ്യോഗിക നടപടികളുടെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മദ്രസ കേന്ദ്രീകരിച്ച് മറ്റ് കുട്ടികൾക്ക് നേരെയും പ്രതി സമാനമായ അതിക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്ന കോണിൽ സമഗ്രമായ അന്വേഷണം തുടരുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

