മാത്യു കുഴൽ നാടൻ തെറ്റിദ്ധാരണ പരത്തുന്നു; ഇതിന് നിയമപരമായി മാത്രമേ മറുപടി പറയാൻ കഴിയു; വീണാ വിജയൻ ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്; വീണ വിജയന്റെ നികുതി വിവാദത്തിൽ കുഴൽനാടന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തിൽ കുഴൽനാടന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഐ ജി എസ് ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന മാത്യു കുഴൽ നാടന്റെ ചോദ്യത്തിന്, നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തുവെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. നിയമപരമായി മാത്രമേ മറുപടി പറയാൻ കഴിയു. വീണാ വിജയൻ ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. അത് മറുപടിയായി നൽകിയിട്ടുമുണ്ട്. മാത്യു കുഴൽ നാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
“2017 ജൂലൈ 1 മുതലാണ് ജി എസ് ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവ്വീസ് ടാക്സ് സെൻട്രൽ ടാക്സാണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമം നല്ലതല്ല. മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണക്കെതിരായ ആരോപണമെന്നും ധനമന്ത്രി പറഞ്ഞു. കുഴൽനാടൻ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണമെന്നും” ധനമന്ത്രി പരിഹസിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യം ഇന്ന് കുഴൽനാടൻ തളളിയിരുന്നു. വാർത്താ സമ്മേളനത്തിൽ രേഖകളുമായെത്തിയ കുഴൽനാടൻ, വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ധനവകുപ്പിന്റേത് കാപ്സ്യൂൾ മാത്രമാണെന്നും തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയുടെ വിശദീകരണം.
”സിഎംആർഎൽ എന്ന കമ്പനി എക്സാലോജിക്കുമായി ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് ധനവകുപ്പ് നൽകിയ കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയിൽ 2.3.2017 ൽ സിഎംആർഎൽ കമ്പനി വീണയുടെ കമ്പനിയുമായി (എക്സാലോജിക്) കരാർ ഒപ്പിട്ടു. 1.1.2017 മുതൽ വീണ വിജയനുമായി 5 ലക്ഷം മാസം നൽകുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്.
എക്സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുന്നത്. ഇതിനു മുൻപ് വീണാ വിജയനും കമ്പനിയും സിഎംആർഎല്ലിൽ നിന്നും വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചിട്ടില്ല. ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെയാണ് വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയുക? 17.1.2018 മുതൽ മാത്രമാണ് വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയൂ. അപ്പോൾ ഈ കരാർ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും?” ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള കാപ്സ്യൂളാണ് ധനവകുപ്പ് നൽകിയ കത്തെന്നായിരുന്നു കുഴൽനാടന്റെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]