
ബെംഗളൂരു: ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ആദ്യമായി കര്‍ണാടക അണ്ടര്‍ 19 ടീമില്‍. വിനൂ മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കര്‍ണാടക സ്ക്വാഡില്‍ സമിത്തിനേയും ഉള്‍പ്പെടുത്തി. ഹൈദരാബാദില്‍ ഒക്ടോബര്‍ 12 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്റ്.
അച്ഛന്റെ വഴിയേ ക്രിക്കറ്റില്‍ വളര്‍ന്നുവരികയാണ് സമിത് ദ്രാവിഡ്. നിലവില്‍ 17 വയസുകാരനായ സമിത്, വിനൂ മങ്കാദ് ട്രോഫിയിലൂടെ കര്‍ണാടക അണ്ടര്‍ 19 ടീമിലേക്ക് ആദ്യമായി എത്തി. കര്‍ണാടകയ്ക്കായി അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചിട്ടുണ്ട് സമിത്. രാഹുല്‍ ദ്രാവിഡും കര്‍ണാടകയെ അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 തലങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതിന് ശേഷം ദ്രാവിഡ് 1991-92 സീസണില്‍ കര്‍ണാടകയ്ക്കായി കളിച്ച് രഞ്ജി ട്രോഫിയില്‍ അരങ്ങേറി. ഇതേ പാതയിലേക്കാണ് ഇപ്പോള്‍ സമിത്തും എത്തിക്കൊണ്ടിരിക്കുന്നത്. ദ്രാവിഡിന്റെ ഇളയ മകന് അന്വെ നിലവില്‍ കര്‍ണാടക അണ്ടര്‍ 14 ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്.
കര്‍ണാടക സ്ക്വാഡ്: ധീരജ് ജെ ഗൗഡ (ക്യാപ്റ്റന്‍), ധ്രുവ് പ്രഭാകര്‍ (വൈസ് ക്യാപ്റ്റന്‍), കാര്‍ത്തിക് എസ് യു, ശിവം സിംഗ്, ഹര്‍ഷില്‍ ധര്‍മണി (വിക്കറ്റ് കീപ്പര്‍), സമിത് ദ്രാവിഡ്, യുവ്രാജ് അറോറ (വിക്കറ്റ് കീപ്പര്‍, ഹര്‍ദിക് രാജ്, ആരവ് മഹേഷ്, ആദിത്യ നായര്‍, ധനുഷ് ഗൗഡ, ശിഖര്‍ ഷെട്ടി, സമര്‍ഥ് നാഗരാജ്, കാര്‍ത്തികേയ കെ പി, നിഷ്ചിത് പൈ.
രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി പേരെടുത്ത രാഹുല്‍ ദ്രാവിഡിന് 340 ഏകദിനങ്ങളില്‍ 10768 ഉം 163 ടെസ്റ്റില്‍ 13625 ഉം റണ്‍സ് സമ്പാദ്യമായുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി രാജ്യാന്തര ക്രിക്കറ്റില്‍ 509 മത്സരങ്ങളില്‍ 24208 റണ്‍സ് വന്മതില് നേടി. 48 രാജ്യാന്തര സെഞ്ചുറികളും ദ്രാവിഡിന്റെ പേരിനൊപ്പമുണ്ട്. നിലവില്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ഏകദിന ലോകകപ്പിന്റെ തിരക്കുകള്‍ കാരണം കര്‍ണാടകയ്ക്കായി മകന്റെ അണ്ടര്‍ 19 അരങ്ങേറ്റം കാണാനാവില്ല.
Last Updated Sep 24, 2023, 11:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]