
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂര്‍ – ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് പണം വാങ്ങി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കച്ചവടം ചെയ്ത ജയില്‍ ഉദ്യോഗസ്ഥനെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ മുന്‍ പ്രിസണ്‍ ഓഫീസര്‍ അജുമോനാണ് (36) അറസ്റ്റിലായത്. കാലടിയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. അച്ചടക്ക നടപടികളുടെ ഭാഗമായി അജുമോന് കഴിഞ്ഞ മൂന്നുമാസമായി സസ്പെന്‍ഷനില്‍ ആയിരുന്നു. വിയ്യൂര്‍ ജയിലില്‍ പുകയില ഉല്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ളവയും തടവുകാരില്‍ നിന്നും ഇടക്കിടെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നിര്‍ദ്ദേശപ്രകാരം വിയ്യൂര്‍ പൊലീസ് ഇത്തരം കേസില്‍ ഉള്‍പ്പെട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. അതുപ്രകാരം നടത്തിയ അന്വേഷണത്തില്‍ നൂറു രൂപ മാത്രം വില വരുന്ന ബീഡി ഉയര്‍ന്ന വിലയ്ക്ക് അജുമോന് തടവുകാര്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും തടവുകാര്‍ വാങ്ങുന്നതിന് മുമ്പ് തടവുകാരുടെ വീട്ടുകാര്‍ ഉദ്യോഗസ്ഥന് നിര്‍ദ്ദേശിക്കുന്ന ഗൂഗിള്‍ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചു എന്ന് ഉറപ്പായാല്‍ തടവുകാര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് എടുക്കാന്‍ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ അനധികൃതമായ പണമിടപാടുകള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.