
പാലക്കാട് : നീതി ആയോഗ് നടപ്പാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിട്ടുള്ള അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക് ഡെവലപ്മെന്റ് സ്ട്രാറ്റജി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചിന്തന്‍ ശിവിര്‍ സംഘടിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അനുബന്ധ മേഖലകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക നീതി എന്നീ വിഷയങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഇത്തരം വിഷയങ്ങളില്‍ അട്ടപ്പാടി ബ്ലോക്ക് നേരിടുന്ന പ്രശ്നങ്ങള്‍, ഇതുമായി ബന്ധപ്പെട്ട് നീതി ആയോഗ് നല്‍കിയിട്ടുള്ള 39 സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പുരോഗതി ഉണ്ടാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ എന്നിവ യോഗത്തില്‍ സെക്ടര്‍ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്തു. നിലവിലുള്ള കേന്ദ്ര സംസ്ഥാന പദ്ധതികളുടെ സംയോജനം ഉറപ്പുവരുത്തി അട്ടപ്പാടിയിലെ വിവിധ മേഖലകളിലെ വിടവുകള്‍ നികത്തുന്നതിനുള്ള പദ്ധതി നിര്‍ദേശങ്ങളും യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു.
അഗളി ഇ.എം.എസ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ, അസി. കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ സച്ചിന് കൃഷ്ണ, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണന്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.