അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലെ അശാന്തിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി മേഖലയിൽ പുതിയ സൈനിക സഖ്യം രൂപീകരിക്കാനുള്ള ചർച്ചകൾ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന സംയുക്ത സുരക്ഷാ കൗൺസിൽ രൂപീകരിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
ഈ സുരക്ഷാ കൗൺസിൽ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തിന് പിന്നിൽ ഇറാഖ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാറിന് തൊട്ടുപിന്നാലെയാണ് ഇറാഖ് ഇത്തരമൊരു പുതിയ നീക്കവുമായി രംഗത്തുവന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
എങ്കിലും, ഇറാഖ് മുന്നോട്ടുവെച്ച ഈ നിർദ്ദേശത്തോട് സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുകയോ ഇക്കാര്യം സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഹോർമുസിൽ ഫീസ് ഈടാക്കാൻ ഇറാൻ അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോൾ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചിട്ടുണ്ട്.
ഇറാൻ പാർലമെന്റിന്റെയടക്കം തീരുമാനത്തിന് രാജ്യത്തിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ ഔദ്യോഗിക അംഗീകാരം നൽകിക്കഴിഞ്ഞു. ഇറാനി റിയാലിലോ അല്ലെങ്കിൽ ഇറാൻ നിശ്ചയിക്കുന്ന പ്രത്യേക കറൻസിയിലോ ഫീസ് ഈടാക്കുമെന്നാണ് പ്രഖ്യാപനം വന്നിട്ടുള്ളത്.
സർവീസ് ചാർജ് എന്ന നിലയിലാണ് ഈ തുക ഈടാക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും ഇനി മുതൽ ഈ തുക നൽകേണ്ടതുണ്ട്.
അതേസമയം, ഇറാൻ – അമേരിക്ക സംഘർഷത്തിൽ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായും സൂചനകളുണ്ട്. ഇതിനായുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാൻ സേനാ മേധാവി അസീം മുനീർ ഇന്ന് ഇറാനിലെത്തും.
ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ഇറാൻ പ്രസിഡന്റ് യുദ്ധവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കാഴ്ചക്കാരായി നിന്ന് അഭിപ്രായങ്ങൾ പറയുക വളരെ എളുപ്പമാണെന്നും എന്നാൽ വിമർശനം ഉന്നയിക്കുന്നവർ യഥാർത്ഥത്തിൽ മുന്നോട്ടുവന്ന് സഹായിക്കുകയാണ് വേണ്ടതെന്നുമാണ് മസൂദ് പെസഷ്കിയാൻ ആവശ്യപ്പെട്ടത്.
അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന ധാരണ തകർന്ന പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഈ പരാമർശം എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയിയുടെ അനുമതിയോടെയാണ് ഈ ധാരണ ഒപ്പിട്ടതെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ തീവ്ര നിലപാടുള്ള വിഭാഗങ്ങൾ സമാധാന നീക്കങ്ങളെ നിരന്തരമായി തടസ്സപ്പെടുത്തുന്നുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വിമർശനങ്ങൾ അഴിച്ചുവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

