
ബെയ്റൂട്ട് ∙
ഒരുലക്ഷത്തോളം സ്ത്രീകളും കുട്ടികളും പട്ടിണിമരണത്തിന്റെ വക്കിലാണെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മുന്നറിയിപ്പ്. പട്ടിണിമൂലം ശ്വാസമെടുക്കാൻ പോലും കഴിയാത്ത നിലയിൽ ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടിവരികയാണെന്ന് ഇന്റർനാഷനൽ റെസ്ക്യു കമ്യൂണിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഗാസയിൽ ഇന്നലെ 2 പേർ കൂടി പട്ടിണിമൂലം മരിച്ചെന്ന് അൽ ഷിഫ ആശുപത്രി അധികൃതർ അറയിച്ചു.
ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 81 കുട്ടികളടക്കം 113 ആയി. പട്ടിണിമൂലം 5 വയസ്സിൽ താഴെയുള്ള 21 കുട്ടികൾ ഈ വർഷം മരിച്ചതായി ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു.
കഴിഞ്ഞ മാർച്ചിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഗാസയിലെ സ്ഥിതി വളരെ മോശമായത്.
അതേസമയം, ഗാസ വെടിനിർത്തൽ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളിൽ കൂടിയാലോചനകൾക്കായി ഇസ്രയേൽ പ്രതിനിധി സംഘം നാട്ടിൽ തിരിച്ചെത്തി. പ്രതിനിധി സംഘത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നന്ദി പറഞ്ഞു.
കൂടുതൽ കൂടിയാലോചനകൾക്കായാണ് അവർ തിരികെയെത്തിയതെന്നും വെടിനിർത്തൽ പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണം പഠിച്ചുവരികയാണെന്നും ബെന്യാമിൻ നെതന്യാഹു പറഞ്ഞു. രണ്ടു വർഷത്തോളമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ കടുത്ത സമ്മർദമുണ്ട്.
വെടിനിർത്തൽ കാലയളവിൽ ഇസ്രയേൽ സൈന്യം എവിടെവരെ പിന്മാറണമെന്നതിലാണു തർക്കമെന്നാണു സൂചന.
60 ദിവസത്തെ വെടിനിർത്തലിനിടെ ഇരുപക്ഷവും ധാരണയാവുന്നില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഇസ്രയേൽ നിലപാടാണ് മറ്റൊരു കീറാമുട്ടി. ചർച്ചകൾ തുടരുന്നുവെങ്കിലും ഉടൻ വെടിനിർത്തലുണ്ടാവില്ലെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
എന്നാൽ ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച് ചർച്ച നടന്നില്ലെന്ന് ഹമാസ് അറിയിച്ചു.
ഗാസയിലെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, വെടിനിർത്തൽ ഉടൻ വേണമെന്ന് യുഎൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു. ഈ ദുരിതം തുടരാനാവില്ലെന്നും ഇന്ത്യയുടെ പ്രതിനിധി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]