
ഗാസിയാബാദ് (യുപി)∙ ലോകത്തൊരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’യുടെ പേരിൽ ഉത്തർ പ്രദേശിൽ വ്യാജ എംബസി നടത്തിയിരുന്ന ഹർഷവർധൻ ജെയിനെ കഴിഞ്ഞദിവസമാണ്
സ്പെഷൽ ടാസ്ക് ഫോഴ്സ് പിടികൂടിയത്. എട്ടുവർഷമാണ് ആർക്കും സംശയം തോന്നാത്തവിധം അധികാരികളുടെ കണ്ണിൽപൊടിയിട്ട് വെസ്റ്റ് ആർക്ടിക്കയുടെ ‘അംബാസഡർ’ ആയി ഹർഷവർധൻ വിലസിയത്.
വെസ്റ്റ് ആർക്ടിക്കയുടെ മാത്രമല്ല സബോർഗ, പോൾവിയ, ലോഡോണിയ എന്നിങ്ങനെ നിലവിലില്ലാത്ത രാജ്യങ്ങളുടെയും കോൺസുൽ അഥവാ അംബാസഡർ എന്നാണ് ഹർഷവർധൻ സ്വയം വിശേഷിപ്പിച്ചിരുന്നത്.
∙ ആരാണ് ഹർഷവർധൻ ജെയിൻ ?
ലണ്ടൻ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽനിന്ന് എംബിഎ ബിരുദം നേടിയ ആളാണ് ഹർഷവർധനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസിയബാദിലെ വ്യവസായിയുടെ മകൻ.
രാജസ്ഥാനിൽ മാർബിൾ ഖനികൾ സ്വന്തമായുള്ള സമ്പന്ന കുടുംബം. എന്നാൽ പിതാവിന്റെ മരണത്തോടെ കുടുംബത്തിന് കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
ഈ സമയത്താണ് ഹർഷവർധൻ വിവാദ ആൾദൈവമായ ചന്ദ്രസ്വാമിയെ പരിചയപ്പെടുന്നത്. ഇയാളുടെ സഹായത്തോടെ ഹർഷവർധൻ ലണ്ടനിലേക്ക് പോകുകയും ഏതാനും കമ്പനികൾ തുടങ്ങുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിക്കലായിരുന്നു കമ്പനികള് രൂപീകരിച്ചതിനു പിന്നിലെ ലക്ഷ്യമെന്ന് അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ പിന്നീട് വ്യക്തമായി. രാജ്യാന്തര ആയുധ വ്യാപാരിയായ അദ്നാൻ ഖഷോഗ്ജിയുമായും ഹർഷവർധന് ബന്ധമുണ്ടെന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു.
ചന്ദ്രസ്വാമിയുടെ മരണത്തിനു ശേഷമാണ് ഹർഷവർധൻ ഗാസിയാബാദിൽ തിരിച്ചെത്തുന്നതും ഇല്ലാത്ത രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി തുറക്കുന്നതും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ വ്യാജമായി നിർമിച്ച് ‘എംബസി’യിൽ പ്രദർശിപ്പിക്കുകയും ചെയ്തു ഇയാൾ. ഇതാദ്യമായല്ല ഹർഷവർധൻ അന്വേഷണ ഏജൻസികളുടെ വലയിലാകുന്നത്.
2011ൽ സാറ്റലൈറ്റ് ഫോൺ അനധികൃതമായി കൈവശംവച്ചതിന് ഗാസിയബാദിലെ കവിനഗർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
∙ എന്തിന് വ്യാജ എംബസി
എംബസിയുടെ മറവിൽ ജോലിതട്ടിപ്പും ഹവാല റാക്കറ്റ് നടത്തിപ്പുമായിരുന്നു ഹർഷവർധന്റെ പ്രധാന ഉദ്ദേശ്യം. വിദേശജോലിക്ക് ശ്രമിക്കുന്ന വ്യക്തികൾക്കും വിദേശ കമ്പനികൾക്കും മധ്യസ്ഥത വഹിക്കുക, കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയവയായിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ ഇവർ വിദേശത്ത് ആളുകൾക്ക് ജോലി വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @Benarasiyaa എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]