
അതിഥി തൊഴിലാളിയുടെ മരണകാരണം വൈദ്യുതാഘാതം തന്നെ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: അന്വേഷിക്കാതെ കെഎസ്ഇബി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാറനല്ലൂർ(തിരുവനന്തപും)∙ മതിൽനിർമാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളി, ജാർഖണ്ഡ് സ്വദേശി വിപ്ലവ് മണ്ഡൽ വീണുമരിച്ച സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതം തന്നെയെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വാഭാവിക മരണത്തിനു കേസ് റജിസ്റ്റർ ചെയ്ത പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണം നടത്തും. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരിൽ നിന്നുണ്ടായത് കടുത്ത അനാസ്ഥയാണെന്ന ആരോപണം ശക്തമായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫൊറൻസിക് സംഘങ്ങളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷം അന്വേഷണം എങ്ങനെയെന്നു തീരുമാനിക്കുമെന്നു ഡിവൈഎസ്പി എൻ.ഷിബു പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ദൃക്സാക്ഷിയായ വീട്ടുടമ ഗോവിന്ദമംഗലം അശ്വതി ഭവനിൽ അശ്വതിയുടെ മൊഴി പോലും രേഖപ്പെടുത്താതെ അപകടത്തിന് ഉത്തരവാദികളായവരെ രക്ഷിക്കാനാണു പൊലീസ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. രാവിലെ നടന്ന സംഭവത്തിൽ 12 മണിക്കൂറിനു ശേഷമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മൊഴിയെടുക്കാൻ സ്ത്രീകളെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്താൻ പാടില്ലെന്നു നിർദേശമുണ്ടായിരിക്കെ, അശ്വതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിലേക്കും തുടർന്ന് ആശുപത്രിയിലേക്കും പൊലീസ് വിളിച്ചുവരുത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുവിനു കൈമാറി. വിമാനത്തിൽ ജാർഖണ്ഡിലേക്കു കൊണ്ടുപോകുമെന്നാണു വിവരം.
സംഭവത്തിൽ ജീവനക്കാർക്കു വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ചില്ലെന്നും വരും ദിവസങ്ങളിൽ അന്വേഷിക്കുമെന്നും കെഎസ്ഇബി കാട്ടാക്കട സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ എ.സുരേഷ് പറഞ്ഞു. മരണകാരണം സംബന്ധിച്ച് ജില്ലാ ലേബർ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്നു സ്ഥലം സന്ദർശിച്ച നെയ്യാറ്റിൻകര അസിസ്റ്റന്റ് ലേബർ ഓഫിസർ എസ്.അരുൺ പറഞ്ഞു.
ഇന്നലെ രാവിലെ പത്തരയോടെ ഗോവിന്ദമംഗലം അശ്വതിഭവനിലാണു മതിൽ നിർമാണ ജോലിക്കിടെ അതിഥിത്തൊഴിലാളി വീട്ടുവളപ്പിൽ വീണുമരിച്ചത്. കെഎസ്ഇബി ജീവനക്കാർ പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനിടെ അശ്രദ്ധമായി വലിച്ചെറിഞ്ഞ സർവീസ് വയറിൽനിന്നു ഷോക്കേറ്റാണു മരണമെന്ന് ഇന്നലെ തന്നെ ആരോപണം ഉയർന്നെങ്കിലും കെഎസ്ഇബി അത് നിഷേധിക്കുകയായിരുന്നു. മാറനല്ലൂർ പൊലീസ് രാത്രി 9 വരെയും അസ്വാഭാവിക മരണത്തിനു പോലും കേസെടുത്തിട്ടില്ല. അശ്വതിയുടെ വീട്ടിലേക്കുള്ള വഴിയിൽ സപ്പോർട്ടിങ് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അപേക്ഷ നൽകിയതിനെ തുടർന്ന് രാവിലെ പത്തേകാലോടെ കെഎസ്ഇബി ജീവനക്കാരെത്തി. ഈ സമയം വിപ്ലവ് മതിൽനിർമാണ ജോലിയിലായിരുന്നു. പോസ്റ്റ് മാറ്റുന്നതിനിടയിൽ വീട്ടിലെ മീറ്റർ ബോർഡിൽനിന്ന് അഴിച്ചെടുത്ത സർവീസ് വയർ, പോസ്റ്റിലിരുന്ന ജീവനക്കാരൻ വലിച്ചെറിഞ്ഞു. ഇത് ഇരുമ്പുചട്ടിയിൽ കല്ല് ചുമക്കുകയായിരുന്ന വിപ്ലവിന്റെ മേൽ പതിച്ചു. ഇതിൽനിന്നു ഷോക്കേറ്റതാണ് മരണകാരണമെന്നു വീട്ടുടമ അശ്വതി പറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടലും ഇപ്പോൾ ഇതു തന്നെയാണ് മരണകാരണമെന്ന് വ്യക്തമായിരിക്കുകയാണ്.